മുഹമ്മ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയതിന്റെ വിജയാഘോഷം വിമാനം കയറി. വിദ്യാർഥികൾക്ക് പ്രോൽസാഹനമായി കുടുംബശ്രീ പ്രവർത്തകരാണ് വിമാനയാത്ര ഒരുക്കിയത്. മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കുട്ടികളാണ് വിമാനത്തിൽ പറന്നത്.
രാവിലെ ഏഴിനു നെടുമ്പാശേരിയിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് 10 കുട്ടികളും 10 കുടുംബശ്രീ പ്രവർത്തകരുമടങ്ങുന്ന സംഘം ബംഗളൂരുവിലേക്കു പറന്നത്.
എട്ടോടെ ബംഗളൂരുവിൽ എത്തിയ സംഘം ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. മെട്രോ ട്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ എത്തി.
അവിടെനിന്ന് ബംഗളൂരു -കൊച്ചുവെളി ട്രെയിനിൽ നാട്ടിലേക്കു മടങ്ങി. വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ പേർക്കും വിമാന യാത്ര ആദ്യമായിരുന്നു.
പഴയ ദിനപത്രങ്ങൾ ശേഖരിച്ചും ആക്രി സാമഗ്രികൾ സമാഹരിച്ചുമാണ് യാത്രയ്ക്കുള്ള പണം കുടുംബശ്രീ അംഗങ്ങൾ കണ്ടെത്തിയത്.
അടുത്ത വർഷവും ഇത്തരത്തിൽ ഉയർന്ന വിജയം നേടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഇവർ. യാത്രയ്ക്ക് എഡിഎസ് സെക്രട്ടറി ഷീല ഷാജി, പ്രസിഡന്റ് സുബിത നസിർ എന്നിവർ നേതൃത്വം നൽകി.