തലസ്ഥാനത്തെ മൃഗശാലയിലെ പുതിയ അംഗങ്ങളായ നൈലയും ലിയോയും ഇനി ഒരു കൂട്ടില്‍. ഈ മാസം ആദ്യമാണ് തിരുപ്പതിയിലെ മൃഗശാലയില്‍ നിന്ന് രണ്ടു സിംഹങ്ങളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
തുടക്കത്തില്‍ തമ്മില്‍ കണ്ടാല്‍ കടിച്ചു കീറാന്‍ നിന്നവരായിരുന്നു ഇവര്‍. ഇതോടെ ഇരുവരെയും രണ്ട് കൂടുകളിലാണ് ഇന്നലെ വരെ പാര്‍പ്പിച്ചിരുന്നത്.
എന്നാല്‍ രണ്ടു സിംഹങ്ങളും പരസ്പരം ഇണങ്ങിയതോടെയാണ് ഒരു കൂട്ടിലേക്ക് മാറ്റിയത്. സന്ദര്‍ശകര്‍ വളരെ കൗതുകത്തോടെയാണ് പുതിയ അതിഥികളെ കാണാന്‍ എത്തുന്നത്.
രണ്ടാഴ്ചത്തെ കര്‍ശന നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്. ഒരു കൂട്ടിലേക്ക് മാറ്റിയെങ്കിലും രാവും പകലും ഇവര്‍ ഗാര്‍ഡുകളുടെ നിരീക്ഷണത്തിലാണ്.
പരസ്പരം ആക്രമിച്ചാല്‍, ഉടന്‍ തന്നെ രണ്ട് കൂടുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ മൃഗശാല അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
നാലു വയസാണ് നൈലക്ക്. അഞ്ചര വയസ്സുണ്ട് ലിയോയ്ക്ക്. തിരുപ്പതിയില്‍ കാര്‍ത്തിക്കും കൃതിയും ആയിരുന്ന സിംഹജോഡികള്ക്ക് മന്ത്രി ജെ ചിഞ്ചുറാണിയാണ് ലിയോ, നൈല എന്നിങ്ങനെ പേര് ഇട്ടത്.
സിംഹ ജോഡികള്‍ ഒരു കൂട്ടിലായതോടെ, സന്ദര്‍ശകരുടെ വലിയ തിരക്കാണ് മൃഗശാലയില്‍ പ്രതീക്ഷിക്കുന്നത്.