കൊച്ചി: സ്പെഷല്‍ എന്ന വിശേഷണം ഉള്ളതുകൊണ്ട് ഇവര്‍ പങ്കെടുത്ത ഒളിമ്പിക്സിന് പൊലിമ കുറവാണെന്നു സര്‍ക്കാരിനോട് ആരു പറഞ്ഞു? ജര്‍മനിയിലെ ബര്‍ലിനില്‍ 190 രാജ്യങ്ങള്‍ മാറ്റുരച്ച അന്താരാഷ്ട്ര സ്പെഷല്‍ ഒളിമ്പിക്സില്‍ മത്സരിച്ചു മെഡലുകള്‍ നേടിയെത്തിയ മലയാളി കായികതാരങ്ങളെ വിളിച്ച് അഭിനന്ദിക്കാന്‍പോലും സംസ്ഥാനസര്‍ക്കാരോ കായിക വകുപ്പോ ഇതുവരെ തയാറായിട്ടില്ല.
ജൂണ്‍ 17 മുതല്‍ 25 വരെ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 173 താരങ്ങളില്‍ 22 പേര് കേരളത്തില്‍നിന്നായിരുന്നു. ഏഴു സ്വര്‍ണം, നാലു വെള്ളി, മൂന്നു വെങ്കലം മെഡലുകള്‍ മലയാളിതാരങ്ങള്‍ നേടി.
ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമുയര്‍ത്തിയ നേട്ടങ്ങളാണെങ്കിലും സംസ്ഥാനസര്‍ക്കാര്‍ അതൊന്നും അറിഞ്ഞമട്ടില്ല.
സ്പെഷല്‍ ഒളിമ്പിക്സിലെ മെഡല്‍ജേതാക്കളെ ആദരിക്കുന്ന പതിവില്ലെന്നു സര്‍ക്കാരും കായികവകുപ്പും പറയാൻ വരട്ടെ. 2014ല്‍ സ്പെഷല്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ നല്കിയ പാരിതോഷികം മൂന്നു ലക്ഷം രൂപ വീതമാണ്. വെള്ളിമെഡല്‍ ജേതാക്കള്‍ക്കു രണ്ടു ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് ഒരു ലക്ഷം രൂപയും അന്നു സര്‍ക്കാര്‍ നല്കി.
2016ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏഷ്യ -പസഫിക് സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളിതാരങ്ങളുടെ യാത്രാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിച്ചു. മെഡല്‍ജേതാക്കള്‍ക്ക് പാരിതോഷികമായി കാഷ് പ്രൈസുകളും നല്‍കിയിരുന്നു.
മുന്‍സര്‍ക്കാരുകള്‍ പലതും സ്പെഷല്‍സ്കൂള്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇത്തവണ സ്പെഷല്‍ ഒളിമ്പിക്സിനു പോയവര്‍ക്കോ മെഡല്‍ നേടി വന്നവര്‍ക്കോ പരിഗണന ലഭിക്കാത്തത് അനീതിയാണെന്നു സ്പെഷല്‍ ഒളിമ്പിക്സ് ഭാരത്-കേരള പ്രോഗ്രാം മാനേജര്‍ സിസ്റ്റര്‍ റാണി ജോ ചൂണ്ടിക്കാട്ടി.
കേന്ദ്ര യുവജന, കായിക മന്ത്രാലയവും സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുമാണ് സ്പെഷല്‍ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ കാര്യങ്ങള്‍ ഏകോപിപ്പിച്ചത്.
ഹരിയാനയില്‍ സര്‍ക്കാര്‍ ജോലി; കേരളത്തില്‍ അവഗണന
കൊച്ചി: ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും മെഡലണിയുന്നവര്ക്കു സര്‍ക്കാര്‍ ജോലി വിളിച്ചുകൊടുക്കുമ്പോള്‍ സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയെത്തുന്നവര്‍ക്ക് അതില്ല. ഹരിയാനയിലും പുതുച്ചേരിയിലും സ്പെഷല്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.
അന്താരാഷ്ട്രതലത്തിൽ കായികമികവറിയിച്ച സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ ജോലിയിൽ അർഹമായ പരിഗണന ഉറപ്പാക്കണമെന്ന് സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ മെഡല്‍ ജേതാക്കളും. ആ സാധ്യത ഉപയോഗപ്പെടുത്തിയും നിയതമായ തസ്തികകളിലേക്ക് ഇവരെ പരിഗണിക്കണമെന്നതു സര്‍ക്കാര്‍ ഗൗരവമായി കാണമെന്ന ആവശ്യം ശക്തമാണ്.
അഭിമാനതാരങ്ങള്‍
2023ലെ സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി താരങ്ങള്‍. ബ്രാക്കറ്റില്‍ സ്പെഷല്‍ സ്കൂള്‍, മത്സരയിനം.
1. സി.ആര്. അഭിജിത്ത് (ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവന്) – റോളര്‍ സ്കേറ്റിംഗില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി.
2. ഇമ്മാനുവല്‍ ജോഷി (മൂവാറ്റുപുഴ നിര്‍മലസദന്‍), ഗോകുല്‍ ഗോപി (ഇടുക്കി പരപ്പ് ചാവറഗിരി)- ഇരുവരും സ്വര്‍ണം നേടിയ ബാസ്കറ്റ് ബോള്‍ ടീമംഗങ്ങള്‍.
3. മുഹമ്മദ് നിനാന്, മുഹമ്മദ് അര്‍ഷാദ് (മലപ്പുറം മദര്‍ വെറോനിക്ക). മുഹമ്മദ് നിനാന് (മലപ്പുറം ന്യൂ ലീഫ്)- ഇരുവരും സ്വര്‍ണം നേടിയ ഫുട്ബോള്‍ ടീമംഗങ്ങള്‍.