കോഴിക്കോട്: പ്രശ്നങ്ങളില്ലാതെ ക്വാറി നടത്താന്‍ രണ്ട് കോടി രൂപ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആവശ്യപ്പെട്ടതായി ആരോപണം.
ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി പി.എം.രാജീവനെതിരെയാണ് ആക്ഷേപം. ക്വാറി കമ്പനി പ്രതിനിധിയോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള രാജീവന്റേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നു.
ക്വാറിക്ക് സമീപമുള്ള തന്റെയും മറ്റൊരാളുടെയും വീട് കൈമാറാമെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്കിയ പരാതി പിന്‍വലിക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്.
പണം നല്കിയാല് വിജിലന്‍സിന് നല്കാനിരിക്കുന്ന തെളിവ് കൈമാറാമെന്നും പിന്നീട് ഒരു പ്രശ്നവും ഇല്ലാതെ ക്വാറി നടത്താമെന്നും സംഭാഷണത്തിൽ ഉറപ്പ് നല്‍കുന്നുണ്ട്.
നേരത്തെ മങ്കയത്തെ ക്വാറിക്കെതിരേ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. ആറ് മാസം മുന്‍പ് വിജിലന്‍സിന് പരാതിയും നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അധികൃതര്‍ ക്വാറി ഉടമയെ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്. ശബ്ദസന്ദേശം പാര്‍ട്ടി പരിശോധിച്ചുവരികയാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.