ബുസാൻ (ദക്ഷിണകൊറിയ): കബഡിയിൽ തങ്ങളെ വെല്ലാൻ ആളില്ലെന്ന് അരക്കിട്ടുറപ്പിച്ച് 11-ാം എഡിഷൻ ഏഷ്യൻ ചാന്പ്യന്മാരായി ഇന്ത്യ. എട്ടാം തവണയാണ് ഇന്ത്യ കബഡിയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.
ബുസാനിൽ അരങ്ങേറിയ 11-ാമത് ഏഷ്യൻ കബഡിയുടെ ഫൈനലിൽ ഇന്ത്യ 42-32ന് ഇറാനെ കീഴടക്കി. വ്യാഴാഴ്ച ഇറാനെതിരേ 28-33 ന്റെ നേരിയ ജയം നേടി ലീഗ് ചാന്പ്യന്മാരായായിരുന്നു ഇന്ത്യ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്.
പവൻ ഷെഹ്റാവത്ത് നയിച്ച ടീം ഇന്ത്യ ആധികാരികമായാണ് ചാന്പ്യൻ പട്ടം അണിഞ്ഞത്. ചാന്പ്യൻഷിപ്പിൽ തോൽവി അറിയാതെ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇറാൻ ഇന്ത്യക്ക് മുന്നിൽ മാത്രമാണ് തോൽവി വഴങ്ങിയത് എന്നതും ശ്രദ്ധേയം.
ജപ്പാൻ (17-62), ദക്ഷിണകൊറിയ (13-76), ചൈനീസ് തായ്പേയി (19-53), ഹോങ്കോംഗ് (20-64) എന്നീ ടീമുകളെല്ലാം ഇന്ത്യയുടെ കബഡി കരുത്തറഞ്ഞു. ലീഗ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനക്കാരായാണ് ഇന്ത്യയും ഇറാനും ഫൈനലിൽ എത്തിയത്.
03: ഹാട്രിക്
തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാന്പ്യൻ പട്ടത്തിന് അർഹരാകുന്നത്. ഇതിനു മുന്പ് നടന്ന 2005, 2017 ചാന്പ്യൻഷിപ്പുകളിലും ഇന്ത്യക്കായിരുന്നു കിരീടം. 1980, 1988, 2000, 2001, 2002 വർഷങ്ങളിലാണ് ഇന്ത്യയുടെ മറ്റ് കിരീട ധാരണം.