ആലപ്പുഴ: മറ്റൊരാൾ കുറ്റസമ്മതം നടത്തിയിട്ടും മതിയായ തെളിവുകളില്ലാതെ മാല മോഷണക്കേസിൽ രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിലടച്ച സംഭവത്തിൽ മാവേലിക്കര പോലീസ് സ്റ്റേഷനിലുള്ള കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മതിയായ തെളിവുകളുടെ അഭാവത്തിൽ നിയമപ്രകാരമല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് പുനരന്വേഷണത്തിന് കമ്മീഷൻ നിർദേശം നൽകിയത്.
2019 നവംബർ 12നു നടന്ന മോഷണത്തിലാണ് രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും തൃപ്തികരമല്ലാത്തതിനെത്തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.
മാല നഷ്ടമായ കാർത്ത്യായനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അയൽക്കാരനായ രമേശനെ മാവേലിക്കര എസ്ഐ പ്രദീപ് അറസ്റ്റ് ചെയ്തതെന്ന് കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി.
കുറ്റം നിഷേധിച്ചെങ്കിലും അറസ്റ്റുണ്ടായി. എന്നാൽ തൊണ്ടിമുതലായ മാല കണ്ടെത്തിയില്ല. രമേശൻ ജുഡീഷൽ കസ്റ്റഡിയിൽ കഴിയവേ മറ്റൊരു മോഷണക്കേസിൽ നിതിൻ വിക്രമൻ എന്നയാൾ അറസ്റ്റിലായി.
കാർത്ത്യായനിയുടെ മാല മോഷ്ടിച്ചതും താനാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. എന്നാൽ രമേശൻ തന്നെയാണ് തന്റെ മാല മോഷ്ടിച്ചതെന്ന് കാർത്ത്യായനി ഉറച്ചുനിന്നു.
പരാതിക്കാരിയുടെ മൊഴിയല്ലാതെ രമേശനെതിരേ മറ്റു തെളിവുകളൊന്നും ഇല്ല. എസ്ഐ പ്രദീപിന് ശേഷം അന്വേഷണത്തിനെത്തിയ പി.ടി. ജോണി എന്ന പോലീസുദ്യോഗസ്ഥനും പ്രതി രമേശനാണെന്ന വാദത്തിൽ ഉറച്ചുനിന്നു.
തൊണ്ടിമുതൽ കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതിയായ രമേശൻ മാല വലിച്ചെറിഞ്ഞതായി അനുമാനിച്ച് സെക്ഷൻ 201 ഐപിസി കൂട്ടിച്ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പുനരന്വേഷണം വേണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ജി. സാമുവൽ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഇതേ വിഷയത്തിൽ സ്വമേധയായും കേസെടുത്തിരുന്നു.
കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് അയച്ചു നൽകിയെങ്കിലും എസ്ഐ പ്രദീപ് ആക്ഷേപം സമർപ്പിച്ചില്ല.