ചാലക്കുടി: മയക്കുമരുന്നു കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലയെ കുടുക്കിയത് ബന്ധുക്കളാണെന്ന സംശയം ശക്തമാകുന്നു. തന്റെ ഉറ്റ ബന്ധുവാണ് കുടുക്കിയതെന്ന് ഷീല എക്സൈസിനോട് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
ബംഗളൂരുവിൽനിന്നെത്തിയ ഈ ബന്ധു തന്റെ വാഹനത്തിലെ ബാഗിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണ് ആരോപണം.
എന്തായാലും എക്സൈസ് കൊണ്ടു പോയ എൽഎസ്ഡി സ്റ്റാന്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോൾ മയക്കുമരുന്നല്ല, വെറും കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ 72 ദിവസം വിയ്യൂർ ജയിലിൽ കിടന്ന ഷീലയെ മോചിപ്പിക്കുകയായിരുന്നു.
ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്നപോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ തന്റെ ബ്യൂട്ടി പാർലറിൽ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചത്.
ബാഗ് സ്കൂട്ടറിലാണെന്ന് പറഞ്ഞപ്പോൾ മകനെ വിളിച്ചു വരുത്താൻ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്റെ അറയിൽ വച്ചിരുന്ന എൽഎസ്ഡി സ്റ്റാന്പെന്ന് പറയുന്നത് വസ്തു എടുത്തുകൊണ്ടു പോകുകയുമായിരുന്നെന്ന് ഷീല പറഞ്ഞു.
തുടർന്ന് എക്സൈസ് ഓഫീസിലെത്തിക്കുകയും പിന്നീട് ജയിലിലടയ്ക്കുകയും ചെയ്തു.എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരോട് താൻ ഇങ്ങനെയൊന്നും ചെയ്യാറില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞിട്ടും ഒന്നും കേട്ടില്ല. ഒന്നര മാസമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
തന്നെ യഥാർഥമായി നിരീക്ഷിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും ചെയ്യാത്ത ആളാണെന്ന് മനസിലാകുമായിരുന്നുവെന്നും ഷീല പറഞ്ഞു. ഈ ചതി അന്വേഷിക്കണമെന്നാണ് ഷീല ആവശ്യപ്പെടുന്നത്.
താൻ ചെയ്യാത്ത കുറ്റത്തിന് എല്ലാം അനുഭവിച്ചു കഴിഞ്ഞു. മാനനഷ്ടക്കേസ് ഫയൽ ചെയ്യും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ആരാണ് തനിക്കെതിരേ ഈ ചതി ചെയ്തതെന്ന് അറിയണം-ഷീല പറയുന്നു.
എക്സൈസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.