കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കൂടുതല്‍ നടപടി ഹൈക്കോടതി തീരുമാനത്തിനുശേഷം മതിയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
മോന്സണ് മാവുങ്കല്‍ വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായ സുധാകരന് അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം ഈ മാസം ഏഴുവരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിക്കുശേഷം നടപടിയിലേക്കു നീങ്ങാന്‍ അന്വേഷണസംഘം കാത്തിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 23 നു സുധാകരന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു.
ചോദ്യം ചെയ്യലിനുശേഷം സുധാകരനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ജാമ്യത്തില്‍ വിട്ടു.
മോന്സണ് പത്തുകോടി രൂപ തട്ടിയെടുത്തെന്നും ഇതില്‍ 25 ലക്ഷം രൂപ കൈമാറുമ്പോള്‍ കെ. സുധാകരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നുമുള്ള പരാതിക്കാരുടെ മൊഴിയെത്തുടര്‍ന്നാണ് സുധാകരനെ പ്രതി ചേര്‍ത്തത്.
കേസില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പ്രത്യേകയോഗം ചേര്‍ന്നിരുന്നു. കോടതി വിധിയില്‍ സുധാകരനെതിരേ കൂടുതല്‍ തെളിവുണ്ടെന്ന് കോടതി പരാമര്‍ശമുണ്ടായാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
എം.വി. ഗോവിന്ദന്റെ വിവാദ പരാമര്‍ശത്തില്‍ അന്വേഷണം
സുധാകരനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദ പരാമര്‍ശത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പരാതിക്കാരനായ പൊതുപ്രവര്ത്തകന് പായിച്ചിറ നവാസിനെ കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഇന്നലെ മൊഴി രേഖപ്പെടുത്തി.
മൊഴി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറും. ഇതിന് ശേഷമാകും പരാതിയില്‍ കേസെടുക്കുക. പരാതിയില്‍ ഉറച്ചുനല്ക്കുന്നതായി അന്വേഷണ സംഘത്തെ അറിയിച്ചെന്ന് നവാസ് പറഞ്ഞു.
മോന്സന് മാവുങ്കല്‍ പ്രതിയായ പോക്സോ കേസിലെ അതിജീവിത കെ. സുധാകരനെതിരെ രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം.
ഇതിന് പിന്നാലെയാണ് നവാസ് എം.വി. ഗോവിന്ദനെതിരെ കാലാപഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.