പണം മുന്‍കൂറായി വാങ്ങിയശേഷം കോള്‍ ഷീറ്റ് നല്‍കാത്ത തമിഴ് സിനിമയിലെ മുന്നിരതാരങ്ങള്ക്കെതിരേ നടപടിക്കൊരുങ്ങി തമിഴ് സിനിമാ നിര്‍മാതാക്കള്‍.
ജൂണ്‍ 18ന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ജനറല്‍ കമ്മിറ്റി യോഗത്തില്‍ പുറത്തു വിട്ട പട്ടികയില്‍ 14 താരങ്ങളാണുള്ളത്.
ചിമ്പു, വിശാല്‍, വിജയ് സേതുപതി, എസ്.ജെ. സൂര്യ, അഥര്‍വ, യോഗി ബാബു തുടങ്ങിയ മുന്‍നിര താരങ്ങളാണ് പുറത്തുവന്ന പട്ടികയിലുള്ളത്.
ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
താന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കാതെ നിര്‍ത്തിപ്പോയ നടന് ധനുഷിനെതിരെ നടപടി വേണമെന്ന് നിര്‍മാണക്കമ്പനിയായ തെനാണ്ടല്‍ സ്റ്റുഡിയോ ഉടമ മുരളി രാമസ്വാമി യോഗത്തില്‍ ആവശ്യപ്പെട്ടു.
തന്റെ ചിത്രം മുഴുവിപ്പിച്ചതിന് ശേഷമേ മറ്റുചിത്രങ്ങളില്‍ അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടന ആവശ്യപ്പെടണമെന്നും മുരളി യോഗത്തില്‍ ഉന്നയിച്ചു.
പത്ത് സുരക്ഷാ ജീവനക്കാരെ വീതം നിയമിച്ച് നിര്‍മാതാവില്‍ നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങിയെന്ന പരാതിയില്‍ നടിമാരായ ലക്ഷ്മി റായിക്കും അമലാ പോളിനുമെതിരെയും നടപടി വന്നേക്കും.
താരങ്ങള്‍ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് അടുത്തയാഴ്ച വ്യക്തമാക്കുമെന്നാണ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്.