കൂത്തുപറമ്പ്: സഹോദരനെയും സഹോദര ഭാര്യയെയും മകനെയും തീ കൊളുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ. പാട്യം പത്തായക്കുന്ന് നൊച്ചോളി മടപ്പുരക്ക് സമീപം ശ്രീ നാരായണത്തിൽ ഈരായി പറമ്പത്ത് രഞ്ജിത്ത് (45) ആണ് വീടിനകത്ത് കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. സഹോദരൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന (33), മകൻ ദക്ഷൻ തേജ് (അഞ്ച്) എന്നിവർക്കാണ് പൊള്ളലേറ്റത്.
രജീഷും ഭാര്യ സുബിനയും ഭക്ഷണം കഴിക്കുന്നതിനിടെ തറയിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീപ്പെട്ടിക്കോൽ ഉരച്ച് എറിയുകയായിരുന്നു. സുബിനയുടെ ദേഹത്ത് തീ ആളിപ്പടർന്നു.
തീ അണയ്ക്കുന്നതിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. സംഭവ സമയം ഇവരുടെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂന്നു പേരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുബിനയ്ക്ക് എൺപത് ശതമാനവും രജീഷിന് അമ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
പരേതനായ തയ്യിൽ നാരായണൻ-നളിനി ദന്പതികളുടെ മകനാണ് രഞ്ജിത്ത്. കുടുംബ വഴക്കാണ് സംഭവത്തിനിടയാക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. കതിരൂർ പോലീസ് അന്വേഷണം തുടങ്ങി.