പബ്ജി കളിയിലൂടെ പ്രണയത്തിലായ കാമുകനെ വിവാഹം കഴിക്കാനായി പാക്കിസ്ഥാനി യുവതി ഇന്ത്യയില്‍.
മെയ് മാസം 15നും 20നും ഇടയിലാണ് യുവതി ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതെന്നു ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എ.സി.പി. സുരേഷ് റാവു കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും യുവതിയെ പിടികൂടിയ വിവരം പാക്കിസ്ഥാന് എംബസിയെ അറിയിച്ചിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി.
അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന് സ്വദേശി സീമ ഹൈദറിനെയും ഇവരുടെ നാലുകുട്ടികളെയും കഴിഞ്ഞദിവസമാണ് യു.പി. പോലീസ് കസ്റ്റഡിയിലെടുത്തത്.
കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിനൊപ്പം(22) താമസിക്കാനായാണ് സീമ ഹൈദര്‍ നാലുകുട്ടികളുമായി നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിനെ വിവാഹം കഴിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുവതി ഒരു അഭിഭാഷകനെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഈ അഭിഭാഷകനാണ് പാകിസ്താനി യുവതി അനധികൃതമായി താമസിക്കുന്നവിവരം പോലീസില്‍ അറിയിച്ചത്.
ഇതോടെ പോലീസ് സംഘം സച്ചിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പിന്തുടര്ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
നോയിഡയിലെ പലചരക്കുകടയില്‍ ജീവനക്കാരനായ സച്ചിനും പാകിസ്താന് സ്വദേശിയായ സീമ ഹൈദറും പബ്ജി ഗെയിമിലൂടെയാണ് പരിചയപ്പെട്ടത്.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പതിവായി പബ്ജി ഗെയിം കളിച്ചിരുന്ന ഇരുവരും ഓണ്‍ലൈന്‍ വഴി അടുപ്പത്തിലാവുകയായിരുന്നു.
പ്രണയം വളര്‍ന്നതോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കാമുകനൊപ്പം ജീവിക്കാനായി നാലുകുട്ടികളെയും കൂട്ടി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്.
വിവാഹിതയും നാലുകുട്ടികളുടെ അമ്മയുമായ സീമ ഹൈദറിന്റെ ഭര്‍ത്താവ് സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്.
എന്നാല്‍ കഴിഞ്ഞനാലുവര്‍ഷമായി താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. മാത്രമല്ല, ഭര്‍ത്താവ് തന്നെ പതിവായി ഉപദ്രവിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പാകിസ്താനിലെ ഖൈര്‍പുരില്‍ താമസിച്ചിരുന്ന സീമ ഹൈദര്‍ ഇവിടെയുള്ള വീടും സ്ഥലവും വിറ്റശേഷമാണ് കാമുകനെ തേടി യാത്രതിരിച്ചത്.
12 ലക്ഷം രൂപയ്ക്കാണ് യുവതി വീടും സ്ഥലവും വിറ്റത്. ഈ പണം ഉപയോഗിച്ചായിരുന്നു നാലുകുട്ടികള്ക്കൊപ്പമുള്ള വിമാനയാത്ര. സഹോദരന് പാകിസ്താന് സൈന്യത്തിലാണ് ജോലിചെയ്യുന്നതെന്നും യുവതി നല്കിയ മൊഴിയിലുണ്ട്.
ആദ്യ കൂടിക്കാഴ്ച ജനുവരിയില്‍, ഇത്തവണ ദുബായ്-നേപ്പാള്‍ വഴി ഇന്ത്യയില്‍. കമിതാക്കളായ സച്ചിനും സീമയും ഈ വര്‍ഷം ജനുവരിയിലാണ് ആദ്യമായി നേരിട്ടുകണ്ടതെന്നാണ് പോലീസ് പറയുന്നത്.
ജനുവരിയിലും യുവതി പാക്കിസ്ഥാനില്‍നിന്ന് നേപ്പാളിലേക്കാണ് വന്നത്. നോയിഡയില്‍നിന്ന് സച്ചിനും ഇവിടേക്കെത്തി.
തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തത്. ഇതനുസരിച്ച് പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോയ യുവതി മേയ് മാസത്തോടെ കുട്ടികളെയും കൂട്ടി നാടുവിടുകയായിരുന്നു.
പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കാണ് സീമ ആദ്യം പോയത്. ഇവിടെനിന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വന്നു.
കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തി വരെ ബസിലായിരുന്നു യാത്ര. തുടര്‍ന്ന് നാലുകുട്ടികളെയും കൂട്ടി അതിര്‍ത്തി കടക്കുകയും ഇവിടെനിന്ന് ഡല്‍ഹി ലക്ഷ്യമാക്കി യാത്രതിരിക്കുകയുമായിരുന്നു.
ഇതിനിടെ യമുന എക്സ്പ്രസ് വേയില്‍ യുവതിയെയും കാത്ത് കാമുകനായ സച്ചിനുണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരും കണ്ടുമുട്ടുകയും സച്ചിന് യുവതിയെ നോയിഡ രാബുപുര മേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ദമ്പതിമാരെന്ന വ്യാജേന വാടകവീട് തരപ്പെടുത്തി ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചു.
നേപ്പാള്‍ അതിര്‍ത്തി കടക്കുന്നതിനിടെ യുവതിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ സംശങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്.
നാലുകുട്ടികള്‍ ഒപ്പമുള്ളതിനാല്‍ യുവതിയെ ഉദ്യോഗസ്ഥരാരും സംശയിച്ചില്ല. മാത്രമല്ല, അതിര്‍ത്തി കടക്കുമ്പോള്‍ സീമ എന്ന പേര് മാത്രമാണ് യുവതി പറഞ്ഞതെന്നും പോലീസ് പറയുന്നു.
സച്ചിനൊപ്പം താമസം ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണ് നിയമപരമായി വിവാഹം കഴിക്കാന്‍ യുവതി തീരുമാനിച്ചത്.
ഇതിനായുള്ള നടപടിക്രമങ്ങള്‍ അന്വേഷിക്കാനായി ഒരു അഭിഭാഷകനെ സമീപിച്ചതോടെയാണ് സീമ ഹൈദര്‍ പാക്കിസ്ഥാന് സ്വദേശിനിയാണെന്ന വിവരം പുറത്തറിയുന്നത്.
നാലുകുട്ടികളെയും കൂട്ടിയാണ് സീമ അഭിഭാഷകനെ കാണാനെത്തിയത്. ഇവരുടെ കൈവശം പാക്കിസ്ഥാനി പാസ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
സച്ചിനെ നിയമപരമായി വിവാഹം കഴിക്കണമെന്നും അതിനുവേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നുമാണ് സീമ അഭിഭാഷകനോട് തിരക്കിയത്.
ഇന്ത്യന്‍ വിസ സംഘടിപ്പിക്കാനുള്ള മാര്‍ഗങ്ങളും അന്വേഷിച്ചു. തുടര്‍ന്ന് വളരെ പെട്ടെന്നു തന്നെ അഭിഭാഷകന്റെ ഓഫീസില്‍നിന്ന് മടങ്ങി.
എന്നാല്‍, പാക്കിസ്ഥാന് യുവതി അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ അഭിഭാഷകന് ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഇതിനുമുന്‍പ് യുവതിയെ പിന്തുടര്ന്ന് ഇവരുടെ താമസസ്ഥലവും അഭിഭാഷകന് കണ്ടെത്തിയിരുന്നു. എന്നാല്‍, പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സച്ചിനെയോ യുവതിയെയോ വീട്ടില്‍ കണ്ടില്ല.
തുടര്‍ന്ന് സച്ചിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മഥുര ഭാഗത്താണെന്ന് വ്യക്തമായി. പിന്നാലെ ഹരിയാനയിലേക്കുള്ള യാത്രാമധ്യേ ഇരുവരെയും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.