കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അക്കാഡമിക് ഉപദേശക സ്ഥാനം വഹിക്കുന്ന രതീഷ് കാളിയാടന്റെ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
കോപ്പിയടിച്ച പിഎച്ഡി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ആസാം യൂണിവേഴ്സിറ്റിക്കും സംഭവത്തില്‍ അന്വേഷം ആവശ്യപ്പെട്ട് യുജിസിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎസ്യു നേതൃത്വം.
രതീഷ് കാളിയാടന്‍ കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിലാണ് ആസാം സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയതായി രേഖയിലുള്ളത്.
ഇവിടെ ജോലി ചെയ്യുമ്പോള്‍ അദേഹത്തിന് എങ്ങനെ ആസാമില്‍ പോയി പിഎച്ച്ഡി ഗവേഷണം നടത്താന്‍ കഴിഞ്ഞുവെന്നത് ദുരൂഹമാണ്.
പിഎച്ച്ഡി ചെയ്യാന്‍ കുറഞ്ഞത് മൂന്നു വര്‍ഷം എങ്കിലും വേണമെന്ന യുജിസി നിബന്ധന ഉള്ളപ്പോള്‍ രതീഷ് കാളിയാടന്‍ രണ്ടുവര്‍ഷംകൊണ്ട് പിഎച്ച്ഡി പൂര്‍ത്തിയാക്കി. മാത്രമല്ല യുജിസി നിഷ്കര്‍ഷിക്കുന്ന കോഴ്സ് വര്‍ക്ക് ഇദേഹം ചെയ്തിട്ടില്ല.
ഇന്റര്‍നെറ്റ്, പ്രസിദ്ധീകരണങ്ങള്‍, വിദ്യാര്‍ഥി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് ഇദേഹം പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നതെന്നുമാണ് കെഎസ്യുവിന്റെ ആരോപണം. പ്രബന്ധത്തിന്റെ എഴുപത് ശതമാനം കോപ്പിയടിയാണെന്നുമാണ് അലോഷ്യസ് സേവ്യര്‍ ആരോപിക്കുന്നത്.