കോട്ടയം: പകർച്ചവ്യാധികൾ നാടെങ്ങും പടരുന്നതിനിടെ സംസ്ഥാനത്തെ കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമായി ചുരുക്കി.
ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാവിലെ എട്ടുവരെ ഒപിയിൽ ഡോക്ടര്‍മാരില്ല. കിടത്തി ചികിത്സയുള്ള ആശുപത്രികളിലടക്കം സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഇതാണു സ്ഥിതി.
മുമ്പ് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രിയില്‍ ഉള്‍പ്പെടെ ഹൗസ് സര്ജന്മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിനുശേഷം സീനിയര്‍ ഡോക്ടര്‍മാരുള്ള സമയത്തു മാത്രമായി ഹൗസ് സര്ജന്മാരുടെ സേവനം പരിമിതപ്പെടുത്തി.
കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നാല് ഡോക്ടര്‍മാരുടെ സേവനം വൈകിട്ട് ആറു വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ 2022 ഒക്ടോബര്‍ നാലിലെ നിയമസഭയിലെ പ്രസ്താവന വെറുംവാക്കായി.
മഴ ശക്തമായതോടെ സംസ്ഥാനത്താകെ വൈറല്‍പനിയും ഡെങ്കിപ്പനിയും മറ്റു രോഗങ്ങളും വര്‍ധി ച്ചിരിക്കുന്നതിനാല്‍ രോഗികളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
കോട്ടയം ജില്ലയിൽ അതിരമ്പുഴ, കുമരകം, ഈരാറ്റുപേട്ട, എരുമേലി, മണിമല, കുറവിലങ്ങാട് തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറിച്ചി, വാഴപ്പള്ളി തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം വെട്ടിച്ചുരുക്കിയത് രോഗികളെ വലച്ചു.
പനി വ്യാപകമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.