നവാസ് മേത്തർ
തലശേരി: കണ്ണൂര്‍ താവക്കരയിലെ അര്‍ബന്‍നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളുടെ സ്ഥലവും കെട്ടിടങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ സർക്കാർ കണ്ടു കെട്ടി.
കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യൂ വകുപ്പാണ് കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലുള്ള സ്വത്തുക്കൾ കണ്ട് കെട്ടിയത്.
കമ്പനിയുടെ കണ്ണൂരിലെ ഓഫീസ്, ഡയറക്ടറായ ഷൗക്കത്തലിയുടെ ഭാര്യ കെ.പി.ജസീനയുടെ പേരിൽ പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള വീടും സ്ഥലവും, കമ്പനിയുടെ ജനറൽ മാനേജർ എം.ജെ. ജീനയുടെ തൃശൂർ കിളിമംഗലത്തെ വീടും സ്ഥലവും, ഷൗക്കത്തലിയുടെ ബെൻസ് കാറ്, മറ്റൊരു പ്രതിയുടെ ഇന്നോവ കാർ, ഷൗക്കത്തലിയുടെ വിവിധ ബാങ്കുകളിലുളള ലക്ഷങ്ങളുടെ നിക്ഷേപം, എന്നിവ ഉൾപ്പെടെയാണ് കണ്ടു കെട്ടിയിട്ടുള്ളത്.
ബാനിംഗ് ഓഫ് അൺ റഗുലേറ്റഡ് ഡെപോസിറ്റിസ് സ്കീം ആക്ട് പ്രകാരമാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടു കെട്ടിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് എസ്പി പ്രദീപ്കുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ് പി ജയൻ ഡൊമിനിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സ്വത്തുവകകളുടെ കണ്ടുകെട്ടൽ നടപടി.