ലണന്: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ നടന്ന റണ്ണൗട്ട് വിവാദം ശമിക്കുന്നില്ല.
371 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരെ അണ്ടര്‍ ആം ത്രോയിലൂടെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണ് പ്രശ്നമായത്.
കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് ലീവ് ചെയ്തശേഷം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അവരം മുതലാക്കിയുള്ള കാരെയുടെ റണ്ണൗട്ട് സ്റ്റംപിംഗ്.
ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ല അലക്സ് കാരെയുടെ സ്റ്റംപിംഗ് എന്ന് ഇംഗ്ലണ്ട് ആരാധകര്‍ വാദിച്ചു. എന്നാല്‍, ബോള്‍ ഡെഡ് ആകുന്നതിനു മുമ്പ് ബാറ്റര്‍ ക്രീസ് വിട്ടുപോകാന്‍ പാടില്ല എന്ന നിയമത്തിന്റെ തണല്‍ കാരെയ്ക്ക് ലഭിച്ചു. ഓസ്ട്രേലിയയുടെ ഈ റണ്ണൗട്ടിനെതിരേ ഇംഗ്ലീഷ് പത്രങ്ങള്‍ ശക്തമായ ഭാഷയാണ് ഉപയോഗിച്ചത്. അതിനുള്ള മറുപടി ഓസ്ട്രേലിയന്‍ പത്രങ്ങളും നല്കി.
ക്രൈബേബീസ് എന്ന തലക്കെട്ടോടെ ഓസ്ട്രേലിയന്‍ പത്രം പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്സ് വമ്പന്‍ തിരിച്ചടി നല്‍കിയത്. സ്റ്റോക്സിന്റെ ചിത്രം ഉപയോഗിച്ചായിരുന്നു ഓസ്ട്രേലിയന്‍ പത്രത്തിന്റെ കളിയാക്കല്‍.
എന്നാല്‍, ചിത്രത്തില്‍ ഉപയോഗിച്ച പന്ത് ചൂണ്ടികാണിച്ചായിരുന്നു സ്റ്റോക്സിന്റെ മറുപടി. ആ ചിത്രത്തിലുള്ളത് ഞാനല്ല എന്നും ഞാന്‍ ഒരിക്കലും ന്യൂബോള്‍ ഉപയോഗിക്കാറില്ലെന്നുമായിരുന്നു ഓസീസ് പത്രത്തെ കളിയാക്കിയുള്ള സ്റ്റോക്സിന്റെ കമന്റ്.
ഒല്ലി പോപ്പ് പുറത്ത്
ആഷസ് ടെസ്റ്റില്‍നിന്ന് ഇംഗ്ലണ്ട് ടീം വൈസ് ക്യാപ്റ്റനും ടോപ് ഓര്‍ഡര്‍ ബാറ്ററുമായ ഒല്ലി പോപ്പ് പുറത്ത്. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ തോളിന് ശസ്ത്രക്രിയവേണ്ടിയതിനാലാണിത്. ഫീല്‍ഡിംഗിനിടെ വീണായിരുന്നു ഒല്ലി പോപ്പിന് പരിക്കേറ്റത്. പകരക്കാരനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടില്ല.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ആഷസ് ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യരണ്ട് ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ 2-0നു മുന്നിലാണ്