രണ്ടു വർഷമായി തോൽവിയറിയാതെയുള്ള മുന്നേറ്റം… ഇക്കാലത്തിനിടെ മൂന്നു ട്രോഫികൾ… ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം എന്ന് വിശേഷിപ്പിക്കാവുന്ന സമയം.
ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണു സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഫിഫ ലോക റാങ്കിംഗിൽ നിലവിൽ 100-ാം സ്ഥാനത്താണ് ഇന്ത്യ.
എങ്കിലും ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യ പന്ത് തട്ടുന്നതു സ്വപ്നംകാണാൻ പ്രേരിപ്പിക്കുന്നതാണു മുഖ്യപരിശീലകനായ ഇഗോർ സ്റ്റിമാച്ചിന്റെ ശിക്ഷണത്തിൽ ദേശീയ ടീമിന്റെ ഇപ്പോഴത്തെ വളർച്ച.
ആ സ്വപ്നത്തിന്റെ ആദ്യ പരീക്ഷണം 2024 ജനുവരിയിൽ അരങ്ങേറുന്ന ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നടക്കും. ഏഷ്യ കപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ.
അപരാജിതർ
തോൽവിയില്ലാതെ ചരിത്രത്തിലെ റിക്കാർഡ് കുതിപ്പിലാണ് ഇന്ത്യൻ ടീം. സാഫ് ചാന്പ്യൻഷിപ്പ് 2023 ഫൈനലിൽ കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 5-4നു കീഴടക്കിയതോടെ ഇന്ത്യ തോൽവിയില്ലാതെ 21 മത്സരങ്ങൾ പൂർത്തിയാക്കി. 2021 ജൂണ്‍ മൂന്നിനു ഖത്തറിനെതിരേ 1-0നായിരുന്നു ഇന്ത്യയുടെ അവസാന തോൽവി. രണ്ട് വർഷവും ഒരു മാസവും പിന്നിട്ട ഇന്ത്യയുടെ അപരാജിത യാത്ര തുടരുന്നു.
ഈ അപരാജിത യാത്രയ്ക്കിടെ ഇന്ത്യ എതിർ പോസ്റ്റിൽ അടിച്ചുകൂട്ടിയത് 35 ഗോളുകൾ, വഴങ്ങിയത് വെറും ആറെണ്ണം മാത്രം.
കിരീടങ്ങൾ
21 മത്സരം നീണ്ട അപരാജിത കുതിപ്പിനിടെ നാലു പ്രമുഖ ട്രോഫികൾ ഇന്ത്യ സ്വന്തമാക്കി. 2021, 2023 സാഫ് ചാന്പ്യൻഷിപ്പ്, 2023 ഇന്റർ കോണ്ടിനെന്റൽ കപ്പ്, 2023 ഹീറോ ത്രിരാഷ്ട്ര ട്രോഫി എന്നിവയാണ് ഇക്കാലയളവിൽ നീലക്കടുവകൾ ചുണ്ടോടടുപ്പിച്ചത്. 2023 സാഫ് ചാന്പ്യൻഷിപ്പും 2023 ഇന്റർ കോണ്ടിനെന്റൽ കപ്പും ഒരു മാസത്തിന്റെ ഇടവേളയിലാണ് ഇന്ത്യ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. മാർച്ചിലായിരുന്നു ത്രിരാഷ്ട്ര ട്രോഫി നേടിയത്.
കഴിഞ്ഞ മാസങ്ങളിലായി 22 കളിക്കാരെയാണ് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കിയത്. സുനിൽ ഛേത്രിക്കു ശേഷവും ഇന്ത്യൻ ഫുട്ബോളിനെ തോളിലേറ്റാൻ കെൽപ്പുള്ള പ്രതിഭകൾ ഉണ്ടെന്ന് അടിവരയിട്ട് ലാലിൻസ്വാല ഛാങ്തെയും സഹൽ അബ്ദുൾ സമദും നെറോം മഹേഷ് സിംഗും മൻവീർ സിംഗും സുരേഷ് സിംഗുമെല്ലാം ദേശീയ ജഴ്സിയിൽ പന്തുതട്ടുന്നു.
ഗുർപ്രീത് കരുത്ത്
2023ൽ ഇന്ത്യ കളിച്ചത് 11 മത്സരം. അതിൽ ഏഴിലും ജയം നേടി. വഴങ്ങിയത് രണ്ടു ഗോൾ മാത്രം, അടിച്ചതാകട്ടെ 16 എണ്ണവും. ഗോൾവലയ്ക്കു മുന്നിൽ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മിന്നും പ്രകടനമാണ് ഇക്കാലയളവിൽ കണ്ടത്.
അതുപോലെ ഗോളടിയിൽ സുനിൽ ഛേത്രിയും മികവ് പുലർത്തി. ജൂണ്‍-ജൂലൈ സമയത്ത് ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയത് ഒരു ഹാട്രിക് അടക്കം ഏഴു ഗോളുകൾ. 85 ഗോളുമായി ജൂണ്‍ മാസമാരംഭിച്ച സുനിൽ ഛേത്രിക്ക് ഇപ്പോൾ 92 രാജ്യാന്തര ഗോളുകൾ.