മുംബൈ: മഹാരാഷ്ട്രയില്‍ എൻസിപി പിളർപ്പിനെത്തുടർന്നു ചേരിതിരിഞ്ഞ് യോഗം നടത്തിയ ശരദ് പവാർ-അജിത് പവാർ പക്ഷങ്ങൾ പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടത്തിനും തുടക്കമിട്ടു.
ഇതിന്റെ ഭാഗമായി ഇരുപക്ഷവും പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകി. ആകെയുള്ള 53 എംഎല്‍എമാരിൽ 40 എംഎൽഎമാരുടെ പിന്തുണസത്യവാങ്മൂലവും കത്തിനൊപ്പം അജിത് പവാർ സമർപ്പിച്ചു.
അതേസമയം, ശക്തിപ്രകടിപ്പിക്കാന്‍ അജിത് പവാര്‍ ഇന്നലെ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരാണ് പങ്കെടുത്തത്. ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാരും പങ്കെടുത്തു.
അയോഗ്യത ഒഴിവാക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ നിലവിൽ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാണ്.
83 വയസായിട്ടും നിർത്താറായില്ലേ എന്ന ചോദ്യമുയർത്തി ശരദ് പവാറിനെ ഇന്നലത്തെ യോഗത്തിൽ അജിത് പവാര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ശരദ് പവാറിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയ അജിത് പവാർ പക്ഷം, എൻസിപി അധ്യക്ഷൻ അജിത്ത് പവാറാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അറിയിച്ചു.