തിരുവനന്തപുരം: വാർഷിക സ്വത്ത് വിവരം സമർപ്പിക്കാത്ത സർക്കാർ ജീവനക്കാരുടെ പ്രമോഷനും സ്ഥലംമാറ്റവും തടയാനുള്ള തീരുമാനവുമായി സർക്കാർ.
പലതവണ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സ്വത്ത് വിവരം സമർപ്പിക്കാത്ത ജീവനക്കാരുടെ പ്രമോഷനും സ്ഥലംമാറ്റവും തടയുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ഉദ്യോഗസ്ഥ ഭരണപരിഷ്കാരം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ സാന്പത്തിക വർഷത്തെ സ്വത്ത് വിവരം ഉദ്യോഗസ്ഥ സോഫ്ട് വെയറായ സ്പാർക്കിൽ നൽകണമെന്ന് നിരവധി തവണ സർക്കാർ നിർദേശം നൽകിയിരുന്നു.
2023 ജനുവരി 30 ന് മുൻപ് സ്വത്ത് വിവരം സമർപ്പിക്കണമെന്ന സർക്കാർ നിർദേശം ജീവനക്കാർ അവഗണിച്ചതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഇതേ തുടർന്നാണ് ഭരണപരിഷ്കാര വകുപ്പ് ചീഫ് സെക്രട്ടറി ഉത്തരവിറക്കാൻ കാരണമായത്.
സ്വത്ത് വിവരം സമർപ്പിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
1960 ലെ ചട്ടം 37, 39 പ്രകാരം സ്വത്ത് വിവരം സമർപ്പിക്കണമെന്ന് വ്യവസ്ഥ നിലവിലുണ്ട ്. ഈ വ്യവസ്ഥ കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് ഒരു അവസരം കൂടി സർക്കാർ നൽകിയിട്ടുണ്ട്.
വാർഷിക സ്വത്ത് വിവര പത്രിക സ്പാർക്ക് സോഫ്റ്റ്വെയർ മുഖേന ഓൺലൈനായി ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലൈ നാലു മുതൽ പത്തു ദിവസത്തേക്കു നീട്ടി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദേശവും അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും