തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ കോണ്ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാന്റെ മൊഴി പോലീസ് അടുത്തയാഴ്ച രേഖപ്പെടുത്തും.
മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് രേഖാമൂലം നോട്ടീസ് നൽകും. ഒരു ഉന്നത നേതാവ് കൈതോലപ്പായയിൽ രണ്ടുകോടിയിലധിക രൂപ കടത്തിയെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററായിരുന്ന ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്.
ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.
ഇന്നലെ ഈ വിഷയത്തിൽ ശക്തിധരൻ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെ ഹാജരായി മൊഴി നൽകിയിരുന്നു.
എന്നാൽ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനെക്കുറിച്ച് പോലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.
പരാതിക്കാരനായ ബെന്നി ബഹനാനിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിപിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
ആരോപണത്തെക്കുറിച്ച് കുടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്ന ശക്തിധരന്റെ നിലപാട് കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത അവസാനിപ്പിച്ചുവെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.