ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നല്കിയ ശേഷം രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയെക്കരുതി ശേഖരിക്കുന്നത് വിലക്കി ഹൈക്കോടതി.
പീഡനക്കേസുകളില്‍, ഇത്തരം കുട്ടികളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്കിയ വിവിധ കോടതി ഉത്തരവുകളാണ് ജസ്റ്റിസ് കെ. ബാബു സ്റ്റേ ചെയ്തത്.
ദത്തു നല്‍കിയശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്കുന്ന ഉത്തരവുകള്‍ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) വിക്റ്റിമ്സ് റൈറ്റ്സ് സെന്റര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി സര്‍ക്കാരിന്റെയും കെല്‍സയുടെയും റിപ്പോര്‍ട്ട് തേടി 21നു പരിഗണിക്കാന്‍ മാറ്റി.
പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ അഡ്വ.പാര്‍വതി മേനോന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്സോ കോടതി, രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി, കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി, ദേവികുളം പോക്സോ കോടതി തുടങ്ങിയ കോടതികള്‍ ഇത്തരത്തില്‍ രക്തസാംപിളുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടുണ്ടെന്നും അറിയിച്ചു. അഡ്വക്കറ്റ് ജനറല്‍ മുഖേന നല്കിയ റിപ്പോര്‍ട്ട്, ഹൈക്കോടതി ഹര്‍ജിയായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ…
ക്രിമിനല്‍ നിയമത്തില്‍ ഈയിടെയുണ്ടായ ഭേദഗതികള്‍ പ്രകാരം, പീഡനക്കുറ്റം തെളിയിക്കാന്‍ അതിജീവിതയ്ക്കുണ്ടാകുന്ന കുട്ടിയുടെ ഡിഎന്‍എ പരിശോധന ആവശ്യമില്ല.
വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും കുട്ടിയുടെ സ്വകാര്യത ലംഘിക്കാനാവില്ല. 2022ലെ ദത്തെടുക്കല്‍ റെഗുലേഷന്‍സ് പ്രകാരം ബന്ധപ്പെട്ട ഏജന്‍സികളും അധികൃതരും ദത്തെടുക്കല്‍ രേഖകളുടെ രഹസ്യാത്മകത ഉറപ്പാക്കണം.
ചില വിവാഹമോചന കേസുകളിലും ജീവനാംശം തേടിയുള്ള കേസുകളിലുമാണ് ശാസ്ത്രീയ പരിശോധന വഴി പിതൃത്വം തെളിയിക്കേണ്ടി വരുന്നത്.
ദത്തെടുക്കുന്ന കുടുംബത്തിന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കുട്ടികളെ ദത്തു നല്കുന്നതിനു മുന്‍പു നിശ്ചിത കാലയളവിനുള്ളില്‍ രക്ത സാംപിള്‍ എടുത്തു സൂക്ഷിക്കാന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്.
എന്നാല്‍ ദത്തെടുത്തതിനു ശേഷം കുട്ടികളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നത് നിയമലംഘനമാണ്.