കലിഫോർണിയ: എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന യുഎസിലെ താത്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു.
വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. യുഎസ്എയിൽ എച്ച്-1 ബി വിസ പുനഃസ്ഥാപിക്കുന്നത് ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസം പകരും എന്ന് സിലിക്കൺ വാലി ടെക്നോളജി എക്സിക്യൂട്ടീവും കമ്മ്യൂണിറ്റി ലീഡറും പ്രഭാഷകനും എഴുത്തുകാരനുമായ അജയ് ഭൂട്ടോറിയ പ്രസ്താവനയിൽ പറഞ്ഞു.
ഇൻ-കൺട്രി എച്ച്-1 ബി വിസ സ്റ്റാമ്പിംഗ് പുതുക്കൽ വിജയകരമായി നടപ്പിലാക്കുന്നത് കൂടുതൽ കാര്യക്ഷമവും മാനുഷികവുമായ ഇമിഗ്രേഷൻ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ഈ പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എച്ച്-1 ബി വിസ വളരെ ആവശ്യമാണ്. കാരണം ഇത് യുഎസ് കമ്പനികളെ, പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ വൈദഗ്ധ്യവും സൈദ്ധാന്തിക അറിവും ഉള്ള വിദേശ തൊഴിലാളികൾക്ക് അവസരം നൽകുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.