ഇസ്ലാമാബാദ്: കനത്ത മഴ മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എട്ട് കുട്ടികളുൾപ്പെടെ 50 പേർ മഴക്കെടുതിയിൽ അകപ്പെട്ട് മരിച്ചെന്ന് സ്ഥിരീകരണം. 87 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
പഞ്ചാബ്, ഖൈബർ പഖ്തൂൺവ പ്രവിശ്യകളിലാണ് മഴ ഏറ്റവുമധികം നാശംവിതച്ചത്. ഖൈബർ പഖ്തൂൺവയിലെ ഷാംഗ്ല ജില്ലയിൽ മണ്ണിടിച്ചലിൽ അകപ്പെട്ട് എട്ട് കുട്ടികൾ മരിച്ചു.
മലയടിവാരത്തിന് സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 12-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന കുട്ടികളെ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഒരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഏഴ് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ലാഹോർ നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 19 പേർ മരിച്ചു. വൈദ്യുതാഘാതമേറ്റും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടുമാണ് ഏറെ പേർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു.