കോസ്റ്റാറിക്ക: പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ കണ്ടെത്തി. മഷി സഞ്ചികളില്ലാത്ത ഇടത്തരമായ നീരാളികളുടെ ജനുസായ മ്യൂസോക്ടോപ്പസിന്റെ പുതിയൊരു ഇനത്തെയാണ് ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയത്.
പസഫിക് സമുദ്രത്തിനടിയിൽ റിമോട്ടിൽ പ്രവര്‍ത്തിക്കുന്ന ജലാന്തരവാഹനം ഉപയോഗിച്ചായിരുന്നു ഗവേഷണം. സമുദ്രത്തിനടിയിലെ പര്‍വതങ്ങളെക്കുറിച്ചുള്ള പഠനത്തിനിടെ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ കണ്ടെത്തുകയായിരുന്നു.
ഇവയുടെ കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞു പുറത്തുവരുന്ന ദൃശ്യങ്ങളും ലഭിച്ചു.ആഴക്കടലില്‍ നീരാളിക്കുഞ്ഞുങ്ങള്‍ വിരിയുന്നതു ദൈര്‍ഘ്യമേറിയ പ്രക്രിയയാണ്.
മാസങ്ങളോളം പെണ്‍നീരാളികള്‍ അതിന്റെ മുട്ടകള്‍ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാറുണ്ട്. ഈ സമയത്ത് പെണ്‍നീരാളികള്‍ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കൂ.
ആഴക്കടലുമായി ചേര്ന്നുനില്ക്കുന്നവയാണ് നീരാളികള്‍. കോസ്റ്റാറിക്കയിലെ ആഴക്കടല്‍ നീരാളികളുടെ കൂടിച്ചേരലുകളുടെ സജീവ മേഖലയാണെന്നു ഗവേഷണ സംഘം സ്ഥിരീകരിച്ചു.
ഇതിനു മുമ്പ് കാലിഫോര്‍ണിയ തീരമേഖലയിലെ ആഴക്കടലിലുള്ള നീരാളിക്കൂട്ടത്തെക്കുറിച്ചു മാത്രമാണു ഗവേഷകരുടെ അറിവിലുണ്ടായിരുന്നത്.