ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ടിബറ്റിലെ യാർലുങ് സാങ്ബോ ഗ്രാൻഡ് കാന്യോൺ നേച്ചർ റിസർവിലെ വനമേഖലയിലാണ് ഈ വൃക്ഷഭീമനുള്ളത്.
ആ ഹിമാലയൻ സൈപ്രസ് (കുപ്രെസസ് ടോറുലോസ) വൃക്ഷത്തിന്റെ ഉയരം 335 അടി (102 മീറ്റർ)! 305 അടി (93 മീറ്റർ) ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി യേക്കാൾ പൊക്കം.
ലോകത്തിലെ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണിത്. പെക്കിംഗ് സർവകലാശാലയിലെ ഗവേഷകരാണ് സൈപ്രസിനെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
മലേഷ്യയിലെ ഡാനം വാലി കൺസർവേഷൻ മേഖലയിൽ വളരുന്ന 331 അടി (101 മീറ്റർ) ഉയരമുള്ള യെല്ലോ മെറാന്റി ആയിരുന്നു ഇതുവരെ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം.
മലേഷ്യൻ ഭാഷയിൽ ടവർ എന്നർഥം വരുന്ന മെനാറ എന്നാണ് ഈ വൃക്ഷത്തെ വിളിച്ചിരുന്നത്.പിന്നീട് ഈ വൃക്ഷത്തിനു നാശം നേരിടുകയായിരുന്നു.
പുതിയ വൃക്ഷ ഭീമനെ കണ്ടെത്തുന്നതിനു മുന്പ് 2022 ഏപ്രിലിൽ മെഡോഗ് കൗണ്ടിയിൽ 252 അടി ഉയരമുള്ള വൃക്ഷവും തുടർന്ന് ഒരു മാസത്തിനുശേഷം തെക്കു പടിഞ്ഞാറൻ ചൈനയിൽ 272 അടി ഉയരമുള്ള മറ്റൊരു വൃക്ഷവും ഗവേഷകർ കണ്ടെത്തിയിരുന്നു.
അതേസമയം, ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷത്തെ ലോകത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷവുമായി താരതമ്യം ചെയ്യുന്പോൾ 46 അടി കുറവാണ്.
കാലിഫോർണിയയിലെ റെഡ്വുഡ് നാഷണൽ പാർക്കിൽ സ്ഥിതിചെയ്യുന്ന കോസ്റ്റൽ റെഡ് വുഡ് ആണ് ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും ഉയരം കൂടിയ വൃക്ഷം.
ഹൈപ്പീരിയോൺ എന്നു വിളിപ്പേരുള്ള വൃക്ഷരാജാവിന്റെ അമ്പരപ്പിക്കുന്ന ഉയരം 381 അടി (117 മീറ്റർ) ആണ്! 2006ലാണ് ഹൈപ്പീരിയോണിനെ കണ്ടെത്തുന്നത്.
ഈ വൃക്ഷരാജാവിനെ സന്ദർശിക്കുന്നതിൽ ഇപ്പോൾ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികൾ അതിലോലമായ വനത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ സന്ദർശനം വിലക്കിയത്.