പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : അപകടരഹിത പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി കെ എസ് ആർ ടി സി യിൽ ഡ്രൈവർ കം കണ്ടക്ടർ ഡ്രിസി) മാരെ നിയമിക്കും.
ദീർഘ ദൂര സർവീസുകളിലും അന്തർസംസ്ഥാന സർവീസുകളിലുമായിരിക്കും ഇവരുടെ സേവനം. ഡി സി എന്ന കേഡർ തസ്തിക സൃഷ്ടിച്ചു കൊണ്ട് ഇന്നലെ ഉത്തരവായി. കഴിഞ്ഞ ജനുവരി 23 – ന് അംഗീകൃത യൂണിയൻ പ്രതിനിധികളുമായി ഉണ്ടാക്കിയ കരാറിലെ ഒരു വ്യവസ്ഥയായിരുന്നു ഇത്.
ഇന്ത്യയിലെ പല റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലും ഈ സംവിധാനമുണ്ട്. കേരളത്തിൽ കെ – സ്വിഫ്റ്റിലും ചില സ്വകാര്യ ട്രാൻസ്പോർട്ട് സ്ഥാപനങ്ങളിലും ഡ്രൈവർ കം കണ്ടക്ടർ തസ്തിക നടപ്പാക്കിയിട്ടുണ്ട്.
ഡ്രൈവർമാരുടെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവകൊണ്ടുള്ള അപകടങ്ങളാണ് കൂടുതലായുള്ളത്. ഇത് കുറയ്ക്കാൻ ഡി സി സംവിധാനത്തിന് കഴിയും. ഡ്രൈവർമാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താനും ഇതുപകരിക്കും.
സർവീസ് നടത്തുന്ന ഒരു ബസിൽ രണ്ട് ഡി സി മാരുണ്ടാകും. ഇവർ പരസ്പരം സഹകരിച്ച് ബസ് ഓടിക്കുകയും ടിക്കറ്റ് നല്കുകയും വേണം. ഇവർ തമ്മിലുള്ള ധാരണയാണ് പ്രധാനം.
ആഗസ്റ്റ് 15 മുതൽ ദീർഘ ദൂര സർവീസുകളിലും അന്തർസംസ്ഥാന സർവീസുകളിലും ഡി സി സംവിധാനം നടപ്പാക്കും.
കെ എസ് ആർ ടി സി യിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും ഡി സി മാരാകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതകളും സേവന-വേതന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.