റോം: ഒരു പിസയുടെ ചിത്രവും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.
പുരാതന റോമൻ നഗരമായ പോംപൈയിൽനിന്നു പുരാവസ്തുഗവേഷകർ കണ്ടെത്തിയ ജലഛായാ ചിത്രത്തിൽ ന്യൂജൻമാരുടെ ഇഷ്ടവിഭവമായ പിസയുടെ പൂർവികനെ കണ്ടെത്തിയെന്നാണു വാർത്ത.
വെള്ളിത്തളികയിൽ വീഞ്ഞും പഴങ്ങളും പിസ പോലെ തോന്നിക്കുന്ന ഭക്ഷണപദാർഥവുമാണ് ജലഛായാചിത്രത്തിലുള്ളത്. 2,000 വർഷമാണ് പെയിന്റിംഗിനു കണക്കാക്കുന്ന പഴക്കം.
പോംപൈയിൽ നടത്തിയ ഉത്ഖനനങ്ങളിലാണു ചിത്രം കണ്ടെത്തിയത്. ഏതോ പുരാതന പോംപിയൻ വീടിന്റെ ചുമർ അലങ്കരിച്ചിരുന്നതാണ് ഈ പെയിന്റിംഗ് എന്നു കരുതുന്നു.
ചിത്രത്തിൽ ഒരു വെള്ളിത്തളികയിൽ ഒരു വൈൻ കപ്പ്, വിവിധ പഴങ്ങൾ (അത് മാതളനാരകമോ ഈന്തപ്പഴമോ ആകാം), സുഗന്ധവ്യഞ്ജനങ്ങൾ, ഉണക്കിയ പഴങ്ങൾ, മഞ്ഞ സ്ട്രോബെറികൾ എന്നിവയ്ക്കൊപ്പമാണ് പിസ എന്നു കരുതുന്ന വിഭവം.
അതേസമയം, പെയിന്റിംഗിലുള്ള വിഭവത്തിൽ പിസയായി കണക്കാക്കേണ്ട ക്ലാസിക് ചേരുവകൾ ഇല്ലെന്നാണ് ഇറ്റാലിയൻ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതികരണം.