സീമ മോഹന്‍ലാല്‍
കൊച്ചി: ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയല്‍സ്, ഷിജു, പാറയില്‍ വീട്, നീണ്ടകര’ എന്ന ക്രൈം ത്രില്ലര്‍ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ്.
ഒരു കൊലക്കേസിൽ ആറു ദിവസംകൊണ്ട് പ്രതിയെ പിടികൂടുന്ന, ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ പലരും ഒറ്റയിരുപ്പിലാണ് കണ്ടുതീര്‍ത്തത്.
2011 ഫെബ്രുവരിയിൽ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ലോഡ്ജിൽ നടന്ന കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ് വെബ് സീരിസിന്റെ ഇതിവൃത്തം.
കൊല നടന്ന സമയത്ത് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. വിജയശങ്കര്‍ ഇപ്പോൾ നിറഞ്ഞ സന്തോഷത്തിലാണ്. കാരണം വിജയശങ്കറും സംഘവുമായിരുന്നു പോലീസിനെ വട്ടംകറക്കിയ കൊലക്കേസിലെ പ്രതിയെ ആറു ദിവസംകൊണ്ട് പിടികൂടിയത്.
മറ്റൊരു സിനിമയിലേക്ക് പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വന്ന സംവിധായകന് അഹമ്മദ് കബീറിനോട് സംസാരത്തിനിടെയാണ് വിജയശങ്കര്‍ ലൈംഗികത്തൊഴിലാളിയായിരുന്ന സ്വപ്നയുടെ കൊലപാതകക്കേസിനെക്കുറിച്ചു പറഞ്ഞത്.
ട്രൂ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണെന്നു മനസിലായ അഹമ്മദ് കബീറും സംഘവും അത് വെബ് സീരിസാക്കുകയായിരുന്നു. തങ്ങള്‍ അന്വേഷിച്ച കേസ് സിനിമയായതും അത് പ്രേക്ഷകര്‍ സ്വീകരിച്ചതുമെല്ലാം സന്തോഷം നല്കുന്ന കാര്യമാണെന്നാണ് നിലവിൽ ഇക്കണോമിക് ഒഫന്‍സ് വിഭാഗം കൊല്ലം അടൂര്‍ ഓഫീസിലെ ഇന്‍സ്പെക്ടറായ വിജയശങ്കര്‍ പ്രതികരിച്ചത്.
ത്രില്ലിംഗായായ ആ കേസ് അന്വേഷണവഴിയെക്കുറിച്ച് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍ മനസ് തുറക്കുന്നു.
പെട്ടെന്ന് പറഞ്ഞു തീര്‍ത്ത പ്രസംഗം
2010ലായിരുന്നു വിജയശങ്കര്‍ എസ്ഐയായി എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തുന്നത്. പ്രമാദമായ കേസൊന്നും അന്ന് ആ സ്റ്റേഷനില്‍ ഇല്ലായിരുന്നു.
2011 ഫെബ്രുവരിയിലെ ഒരു ശനിയാഴ്ച സന്ധ്യാസമയത്ത് എല്‍എഫ്സി റോഡിലെ ഒരു റസിഡന്‍സ് അസോസിയേഷന് വാര്‍ഷികത്തില്‍ അതിഥിയായി എത്തിയതായിരുന്നു എസ്ഐ വിജയശങ്കര്‍. പിറ്റേന്ന് ലീവ് ആയതിനാല്‍ ഈ ചടങ്ങില്‍ പങ്കെടുത്തശേഷം സ്വദേശമായ കൊല്ലത്തേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം.
ചടങ്ങ് തുടങ്ങി, ഉദ്ഘാടനപ്രസംഗം അവസാനിപ്പിക്കാന്‍ അല്പം സമയം ബാക്കി നില്‍ക്കെയാണ് പോലീസ് സ്റ്റേഷനില്‍നിന്ന് എസ്ഐയുടെ മൊബൈലിലേക്ക് ഒരു കോള്‍ എത്തിയത്.
സ്റ്റേഷന് അടുത്തുള്ള ലോഡ്ജില്‍ ഒരു സ്ത്രീയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നുവെന്നായിരുന്നു ആ കോള്‍. പ്രസംഗം പെട്ടെന്ന് പറഞ്ഞു തീര്‍ത്ത് അദ്ദേഹം അവിടെനിന്നിറങ്ങി. നേരേ ചെന്നത് യുവതി കൊലപ്പെട്ട ലോഡ്ജിലേക്കായിരുന്നു.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്ന് മൂന്നാമത്തെ കെട്ടിടത്തിലായിരുന്നു ശ്രീലകം എന്ന ആ ലോഡ്ജ്. കുറഞ്ഞ നിരക്കില്‍ താമസിക്കാന്‍ സൗകര്യമുള്ള പഴയ ലോഡ്ജായിരുന്നു അത്.
രണ്ടാം നിലയിലെ 210-ാം നമ്പര്‍ മുറിയിലെ ബാത്ത് റൂമിലായിരുന്നു കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടനിലയില്‍ യുവതിയുടെ മൃതദേഹം കിടന്നിരുന്നത്. മുറിയിലെ ടാപ്പ് തുറന്നിട്ടിരുന്നതിനാല്‍ മുറിയിലാകെ വെള്ളമായിരുന്നു.
അന്ന് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സുനില്‍ ജേക്കബും ഇന്‍സ്പെക്ടറായിരുന്ന എം. രമേഷ്കുമാറും സംഭവസ്ഥലത്തെത്തി. ഏറെ വൈകാതെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന മനോജ് എബ്രഹാമും എത്തി.
ല്ലപ്പെട്ട ആളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന വിലാസമായിരുന്നു മുറിയെടുത്തയാള്‍ ലോഡ്ജില്‍ നല്‍കിയത്.
കോങ്കണ്ണുള്ള ഇയാള്‍ വല്ലപ്പോഴുമൊക്കെ ഇവിടെ വരാറുണ്ടെന്നുമാത്രമാണ് ലോഡ്ജ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചത്. രാത്രി ഏറെ വൈകിയതിനാല്‍ ഫിംഗര്‍ പ്രിന്റ് വിദഗ്ധർ പിറ്റേന്നെ എത്തുമായിരുന്നുള്ളൂ. അതുകൊണ്ടു ബോഡി ബന്തവസാക്കി.
ബിജുവിനെത്തേടി നീണ്ടകരയിലേക്ക്
എസ്ഐ വിജയശങ്കറും സംഘവും അര്‍ധരാത്രിതന്നെ ബിജുവിനെത്തേടി കൊല്ലം നീണ്ടകരയിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയെങ്കിലും ആ വിലാസത്തില്‍ ആരും ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. കൊലപാതകി വ്യാജമേല്‍വിലാസമാണ് ലോഡ്ജില്‍ നല്‍കിയതെന്ന ബോധ്യത്തില്‍ പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.
മറ്റൊരു സംഘം കൊല്ലപ്പെട്ട യുവതി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു. നേരം പുലരും മുമ്പേ കൊല്ലപ്പെട്ട യുവതി ആന്ധ്രാ സ്വദേശിനിയായ ലൈംഗികത്തൊഴിലാളി സ്വപ്നയാണെന്ന് പോലീസ് കണ്ടെത്തി.
മിക്കദിവസങ്ങളിലും വൈകുന്നേരം മുതല്‍ രാത്രി പത്തുവരെ കലൂര്‍ ബസ് സ്റ്റാന്‍ഡിലും സമീപത്തെ ബിവറേജസിനു മുന്നിലും സ്വപ്ന ഉണ്ടാകുമായിരുന്നു. പത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരമായിരുന്നു അവരുടെ താവളം.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെത്തി ലൈംഗികത്തൊഴില്‍ ഉപജീവനമായി സ്വീകരിച്ച മുപ്പത്തഞ്ചുകാരിയായ സ്വപ്നയുടെ ഫോട്ടോ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ലൈംഗികത്തൊഴിലാളികളും തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടയാളെ അന്വേഷിച്ച് ആരും വരാനില്ലായിരുന്നു.
പോലീസിന് അഭിമാനപ്രശ്നം
കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയായതിനാല് പരാതിപ്പെടാനോ അതിന്റെ സത്യാവസ്ഥ അറിയാനോ ആരും മുന്നോട്ട് വരില്ല. രാഷ്ട്രീയ ഇടപെടലുകളോ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ങ്ങളോ ഉണ്ടാകുകയുമില്ല.
എങ്കിലും നോര്‍ത്ത് പോലീസിന് കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. കാരണം പോലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള കെട്ടിടത്തിലായിരുന്നു കൊലപാതകം നടന്നത്.
അതുകൊണ്ടുതന്നെ തങ്ങളുടെ അഭിമാനപ്രശ്നമാണെന്ന വിലയിരുത്തലിലായിരുന്നു അന്വേഷണ സംഘം.
(തുടരും)
പ്രധാനമന്ത്രിയുടെവരവിനിടെ നടന്ന കൊലപാതകം
ചായയുമായി പ്രതി പോലീസിന് മുന്നിൽ