ചെറായി: കൈംബ്രാഞ്ച് പോലീസ് ചമഞ്ഞ് തട്ടിപ്പ്, മധ്യവയസ്കനെ നാട്ടുകാർ പിടികൂടി മുനമ്പം പോലീസിലേൽപ്പിച്ചു. നായരമ്പലം കുരുടൻ പറമ്പിൽ ഷിയാസ് – 57 ആണ് പിടിയിലായത്.
തുടർന്ന് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുഴുപ്പുളളി ബീച്ചിലെത്തിയ പതിനേഴുകാരനെയും സുഹൃത്തുക്കളെയും താൻ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവരാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്.
ബീച്ചിൽ തർക്കം തുടർന്നതോടെയാണ് നാട്ടുകാർ ഇടപെട്ടതും ആളെ പിടികൂടി പോലീസിലേൽപിച്ചതും. കാക്കി പാന്റും പോലീസ് ഷൂവും കാക്കി സോക്സുമാണ് ഇയാൾപതിവായി അണിയുന്നതത്രേ.
തുടർന്ന് ബീച്ചിലെത്തുന്ന കമിതാക്കളെയും മറ്റും പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും മൊബൈലും കവരുകയാണ് ഇയാളുടെ പതിവെന്നും പോലീസ് അറിയിച്ചു.