സീമ മോഹൻലാൽ
തങ്ങൾ അന്വേഷിക്കുന്ന കൊലക്കേസ് പ്രതി ബിജു അങ്കമാലി ബസ് സ്റ്റാന്‍ഡിനുള്ളിലെ ഒരു കാന്റീനില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ എസ്ഐ വിജയശങ്കറും സംഘവും അവിടെ എത്തി.
ചായ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു. പോലീസ് സംഘത്തിനു മുന്നിലേക്ക് ചായയുമായി എത്തിയത് ബിജുവായിരുന്നു. ചായ വച്ചശേഷം ഇയാള്‍ തിരിഞ്ഞു നടക്കവേ ‘ബിജു…’ എന്ന് എസ്ഐ വിജയശങ്കര്‍ വിളിച്ചു.
അതുകേട്ട് ഞെട്ടിത്തിരിഞ്ഞ് അയാള്‍ നിന്നു. അതേ, ബിജുവിന് കോങ്കണ്ണ് ഉണ്ടായിരുന്നു. ബിജു, പാറയില്‍ വീട്, നീണ്ടകര എന്ന മേല്‍വിലാസം തന്റേതുതന്നെയാണെന്ന് അയാള്‍ സമ്മതിച്ചു.
ലോഡ്ജില്‍ മുറിയെടുത്തത് താനാണെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്നു പ്രതിയുമായി പോലീസ് അവിടെനിന്നു സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
കൊലയ്ക്കു പിന്നില്‍
പോലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഏറെനേരം ബിജുവിന് പിടിച്ചുനില്‍ക്കാനായില്ല. അയാള്‍ കുറ്റസമ്മതം നടത്തി. രാത്രി ലൈംഗികത്തൊഴിലാളിയായ സ്വപ്നയെയും കൂട്ടി ലോഡ്ജിലെത്തിയ ബിജു, അവര്‍ക്ക് 500 രൂപയാണ് പറഞ്ഞ് ഉറപ്പിച്ചിരുന്നത്.
മുറിയിലെത്തിയ ഉടന്‍ അയാള്‍ ലൈംഗികബന്ധത്തിന് മുതിര്‍ന്നപ്പോള്‍ സ്വപ്ന മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ പുറത്തുപോയി മദ്യം വാങ്ങിവന്ന ശേഷം ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു.
വീണ്ടും ബിജു ലൈംഗികബന്ധത്തിന് മുതിര്‍ന്നപ്പോള്‍ തനിക്ക് വിശക്കുന്നു, ഭക്ഷണം വേണമെന്നു സ്വപ്ന പറഞ്ഞു. അയാള്‍ ഉടന്‍ ഭക്ഷണം വാങ്ങിത്തിരിച്ചുവന്നു. ഭക്ഷണം കഴിച്ച ശേഷം ഐസ്ക്രീം വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. ഐസ്ക്രീമും വാങ്ങിക്കൊടുത്തു.
അരമണിക്കൂര്‍ വിശ്രമിക്കണമെന്ന് സ്വപ്ന പറഞ്ഞതിനെത്തുടര്‍ന്ന് ബിജു കാത്തിരുന്നു. അരമണിക്കൂറിനുശേഷം അയാള്‍ ലൈംഗികബന്ധത്തിന് മുതിര്‍ന്നപ്പോള്‍ തനിക്ക് തന്ന അഞ്ഞൂറു രൂപ കുറവാണെന്നും 3,000 രൂപ തരണമെന്നും സ്വപ്ന തര്‍ക്കിച്ചു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ബിജു അവരുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു.
തുടര്‍ന്ന് അവര്‍ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വപ്ന ബോധരഹിതയായി വീണപ്പോഴും അവര്‍ മരിച്ചിട്ടുണ്ടെന്ന് ബിജുവിന് മനസിലായില്ല.
തുടര്‍ന്ന് അവരെ വലിച്ചിഴച്ച് ബാത്ത് റൂമിലെത്തിച്ചു. ടാപ്പിലെ വെള്ളം ശരീരത്തില്‍ വീണിട്ടും സ്വപ്നയ്ക്ക് ചലനമില്ലാതെ വന്നതോടെ അയാൾ അവിടംവിട്ടു പോകുകയായിരുന്നു. സ്വപ്ന മരിച്ചെന്നു രണ്ടു ദിവസം കഴിഞ്ഞാണ് ബിജു അറിഞ്ഞത്. അതോടെ നാടുവിട്ടു.
കുറ്റസമ്മതം നടത്തിയതോടെ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ എസ്. ബിജുവെന്ന വെഞ്ഞാറമൂടുകാരന്‍ വിലങ്ങു വീണു.
ടീം വര്‍ക്കിന്റെ വിജയം
എറണാകുളം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സുനില്‍ ജേക്കബ്, നോര്‍ത്ത് ഇന്‍സ്പെക്ടര്‍ എം. രമേഷ്കുമാര്‍, എസ്ഐ തോമസ്, എഎസ്ഐ സെബാസ്റ്റ്യന്‍, പോലീസുകാരായ ജേക്കബ്, ദിലീപ്, ജേക്കബ് മാണി, കൃഷ്ണകുമാര്‍, സലീം, കലേശന്, ബിജി, വിനീത് തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമായിരുന്നു പ്രതിയെ കുടുക്കിയത്.
സംഘം ദിവസവും രാവിലെ എട്ടിന് സ്റ്റേഷനിലെത്തി അന്വേഷണം വിലയിരുത്തും. തുടര്‍ന്ന് അന്നത്തെ ഇന്വെസ്റ്റിഗേഷനിലേക്കുള്ള യാത്രയാണ്.
ചെറിയൊരു തെളിവു കണ്ട് ഒരിടത്തു ചെല്ലുമ്പോള്‍ അവിടെനിന്ന് ഒന്നും കിട്ടാത്ത അവസ്ഥയുണ്ടാകും. അടുത്ത ഘട്ടത്തില്‍ വീണ്ടുമൊരു തുമ്പുകിട്ടും.
എങ്കിലും ഞങ്ങളെല്ലാവരും പ്രതിയെ എങ്ങനെയെങ്കിലും പിടികൂടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു – വിജയങ്കര് പറഞ്ഞു.
തുടക്കക്കാരനായ തനിക്ക് ഈ കേസ് അന്വേഷണം നല്കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ വിജയശങ്കര്‍ പറഞ്ഞു. ഒരു തെളിവും അവശേഷിക്കാത്ത കേസില്‍നിന്നാണ് വെറും ആറു ദിവസം കൊണ്ട് പ്രതിയെ പിടികൂടാനായത്. ഈ കേസിന് ഞങ്ങള്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു.
പ്രമാദമായ സൗമ്യ വധക്കേസിലെ അന്വേഷണ സംഘത്തിനൊപ്പം ആ വര്‍ഷം സ്വപ്ന കൊലക്കേസ് അന്വേഷണത്തിന് ഞങ്ങള്‍ക്കും ബഹുമതി ലഭിക്കുകയായിരുന്നു.
സ്വപ്ന കൊലക്കേസ് സെന്‍സേഷണല്‍ കേസ് ഒന്നും ആയിരുന്നില്ലെങ്കിലും ആറു ദിവസംകൊണ്ട് പ്രതിയെ പിടികൂടിയതിനായിരുന്നു ആ അംഗീകാരം -വിജയശങ്കര്‍ പറഞ്ഞു.
കഥയിലുള്ളത് പോലീസ് ജീവിതം
ഈ അന്വേഷണത്തിനു ശേഷം കേസില്‍ ത്രില്ലിംഗായിട്ടുള്ള ത്രെഡ് ഉള്ളകാര്യം സിനിമയ്ക്ക് ക്രൈം സ്റ്റോറി തേടിയെത്തിയ പലരോടും പറഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് അഹമ്മദ് കബീര്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കഥയിലെ ചില ലോ പോയിന്റുകള്‍ ശരിയാണോയെന്ന് അറിയാനാണ് എന്നെ സമീപിച്ചത്.
സംസാരത്തിനിടയ്ക്ക് ഞാന്‍ സ്വപ്ന കൊലക്കേസിനെക്കുറിച്ച് 15 മിനിറ്റില്‍ പറഞ്ഞു നിര്‍ത്തി. പിറ്റേന്ന് അഹമ്മദ് കബീര്‍ വീണ്ടും വന്ന് ആ കഥ ഒരിക്കല്‍ കൂടി പറയാന്‍ പറഞ്ഞു.
അന്ന് രാത്രി ഒരു മണിക്കൂറെടുത്ത് ത്രില്ലിംഗായ ആ ഇന്വെസ്റ്റിഗേഷനെക്കുറിച്ച് ഞാന്‍ വീണ്ടും പറഞ്ഞു. അവര്‍ ആ കഥ ഹോട്ട് സ്റ്റാര്‍ ടീമിനു മുന്നില്‍ അവതരിപ്പിച്ച് ചിത്രീകരണത്തിനുള്ള അനുമതി നേടുകയായിരുന്നു.
ഇതൊരു ട്രൂ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. അത് സിനിമാറ്റിക് ആക്കാനായി കുറച്ചു ഫിക്ഷന്‍ കൂടി ചേര്‍ത്താണ് സ്ക്രീന്‍ പ്ലേ തയാറാക്കിയതെന്ന് തിരക്കഥാ കൃത്ത് ആഷിക് ഐമര്‍ പറഞ്ഞിരുന്നു.
കൊലപാതകക്കേസുകളിലും മറ്റും പ്രതിയെ പിടികൂടി എന്ന മൂന്നോ നാലോ വരികളില്‍ വരുന്ന പത്രവാര്‍ത്തയ്ക്കപ്പുറം അന്വേഷണത്തിനിടയില്‍ സംഘത്തിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളുണ്ട്.
സ്വകാര്യ ജീവിതത്തിലെ പലതും ഒഴിവാക്കിക്കൊണ്ടാണ് അവര്‍ അന്വേഷണത്തിനായി ദിവസങ്ങളോളം കുടുംബത്തില്‍നിന്ന് മാറിനില്‍ക്കുന്നത്.
ഈ സീരിലുള്ള പോലീസുകാരുടെ ജീവിതം യഥാര്‍ഥ പോലീസ് ഉദ്യോഗസ്ഥരുടേതുതന്നെയാണ് – വിജയശങ്കര്‍ പറഞ്ഞു നിര്‍ത്തുന്നു.
(അവസാനിച്ചു)