ഇന്ത്യന്‍ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുരുക്കി പാക് ചാരസുന്ദരിയെടുത്തത് രാജ്യത്തിന്റെ പ്രതിരോധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍
ബ്രഹ്മോസ് അടക്കം ഇന്ത്യന്‍ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങള്‍.
മേയ് മൂന്നിന് അറസ്റ്റിലായ ഡി.ആര്.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) ശാസ്ത്രജ്ഞന് പ്രദീപ് കുരുല്ക്കര്ക്കെതിരേ (59) മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് നല്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. പൂനെ യെര്‍വാദ ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍.
ബ്രിട്ടനില്‍ സോഫ്റ്റ്വെയര് എന്‍ജിനിയര്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വാട്ട്സ്ആപ്പിലാണ് ചാരസുന്ദരി കുരുല്‍ക്കറിനെ പരിചയപ്പെട്ടത്.
സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടന്‍ കോഡുള്ള നമ്പരില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് കെണി ഒരുക്കി.
2022 ജൂണ്‍ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആര്.ഡി.ഒ 2023 ഫെബ്രുവരിയില്‍ സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.
അപ്പോള്‍ മറ്റൊരു ഇന്ത്യന്‍ നമ്പരില്‍ നിന്ന് ‘എന്തിനാണ് നമ്പര്‍ ബ്ലോക്ക് ചെയ്തത്’ എന്ന വാട്ട്സ്ആപ്പ് സന്ദേശം വന്നു.
സാറയെ ‘ബേബീ’ എന്നാണ് കുരുല്‍ക്കര്‍ വിളിച്ചത്. അഗ്നി-6 മിസൈല്‍ വിജയമായിരുന്നോ എന്ന് സാറയുടെ ചോദ്യം. വന്‍ വിജയം.
അതിന്റെ ലോഞ്ചര്‍ ഞാനാണ് ഡിസൈന്‍ ചെയ്തത്. യൂറോപ്പിന്റെ മീറ്റിയോറിനെക്കാള്‍ കൃത്യതയുള്ളതാണ് ഇന്ത്യയുടെ അസ്ത്ര മിസൈല്‍ എന്ന് കുരുല്‍ക്കര്‍.
ബ്രഹ്മോസ്, അഗ്നി 6, റുസ്തം ഡ്രോണ്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍,ഡ്രോണ്‍, റോബോട്ടിക്സ് പദ്ധതികള്‍, ക്വാഡ്കോപ്റ്റര്‍, ഡി.ആര്.ഡി.ഒ ഡ്യൂട്ടി ചാര്‍ട്ട്, റാഫേല്‍ യുദ്ധവിമാനം, ആകാശ് മിസൈല്‍ എന്നിവയുടെ വിവരങ്ങളും ഇയാള്‍ ചാരസുന്ദരിയ്ക്ക് നല്കി.
കുരുല്‍ക്കര്‍ ഫോണില്‍ സൂക്ഷിച്ച രഹസ്യവിവരങ്ങള്‍ ആപ്പുകള്‍ വഴി പാക് സുന്ദരി ചോര്‍ത്തി. വിശ്വാസം നേടാന്‍ ഇ മെയില്‍ പാസ്വേഡുകള് കുരുല്‍ക്കറിന് നല്കി.
ഇ-മെയിലിന്റെ ഐ.പി വിലാസവും ബന്ധപ്പെട്ട ഫോണ്‍ നമ്പരും പാകിസ്ഥാനിലേതാണെന്ന് എ.ടി.എസ് കണ്ടെത്തി.
അറസ്റ്റിലാകുമ്പോള്‍ കുരുല്‍ക്കര്‍ ഡി.ആര്.ഡി.ഒ പൂനെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആര് ആന്‍ഡ് ഡി.ഇ, ലബോറട്ടറി എന്നിവയുടെ തലവനായിരുന്നു.
ആണവശേഷിയുള്ള അഗ്നി മിസൈല്‍, ഉപഗ്രഹ വിരുദ്ധ മിസൈല്‍ പരീക്ഷണമായ മിഷന് ശക്തി, തന്ത്രപ്രധാന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമായിരുന്നു.
ഡി.ആര്.ഡി.ഒ ഉദ്യോഗസ്ഥരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 203 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെയും പാക് സുന്ദരി ബന്ധപ്പെട്ടു.
കുരുല്‍ക്കറെ പോളിഗ്രാഫ് ,വോയ്സ് ലെയര്‍, സൈക്കോളജിക്കല്‍ അനാലിസിസ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കണമെന്ന് എ.ടി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് സംഭവം.