ലണ്ടൻ: പതിനാറാം വയസിൽ വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസ് പ്രീ ക്വാർട്ടർ എന്ന നേട്ടം സ്വന്തമാക്കിയ റഷ്യയുടെ മിറ ആന്ദ്രേവ. മൂന്നാം റൗണ്ടിൽ റഷ്യയുടെ 22-ാം സീഡായ അനസ്തസ്യ പൊറ്റപോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് മിറയുടെ പ്രീ ക്വാർട്ടർ പ്രവേശം. സ്കോർ: 6-2, 7-5.
വനിതാ സിംഗിൾസിൽ നാലാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുല ക്വാർട്ടറിൽ പ്രവേശിച്ചു. യുക്രെയ്നിന്റെ ലെസിയ സുറെങ്കൊയെ 6-1, 6-3നു കീഴടക്കിയാണ് പെഗുല അവസാന എട്ടിൽ കടന്നത്.
ചെക് താരം മാർകെറ്റ വുഡ്രോസോവയാണ് ക്വാർട്ടറിൽ പെഗുലയുടെ എതിരാളി. 32-ാം സീഡായ മരിയ ബൗസുകോവയെ കീഴടക്കിയാണ് (2-6, 6-4, 6-3) സീഡില്ലാത്ത വുഡ്രോസോവയുടെ ക്വാർട്ടർ പ്രവേശം.
പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ 27 എയ്സുകൾ വീതം പിറന്ന രണ്ട് പോരാട്ടത്തിൽ ലോക ഒന്നാം നന്പർ കാർലോസ് അൽകാരസും ഇറ്റലിയുടെ മത്തേവു ബെറെറ്റിനിയും പ്രീ ക്വീർട്ടർ ഉറപ്പിച്ചു.
ചിലിയുടെ നിക്കോളാസ് യാറിയെ 6-3, 6-7 (6-8), 6-3, 7-5നു കീഴടക്കിയാണ് അൽകാരസ് പ്രീ ക്വീർട്ടറിൽ പ്രവേശിച്ചത്. അൽകാരസ് 12ഉം യാറി 15ഉം എയ്സ് പായിച്ചു.
12 എയ്സ് പായിച്ച ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ചാണ് 15 എയ്സ് പായിച്ച ഇറ്റിലിയുടെ ബറേറ്റിനി പ്രീ ക്വാർട്ടറിൽ ഇടംപിടിച്ചത്. സ്കോർ: 6-3, 7-6 (7-4), 7-6 (7-5).
സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഡാനിൽ മെദ്വദേവ്, ഹോൾഹർ റൂറെ, ദിമിത്രോവ് തുടങ്ങിയവരും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.