പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഓണക്കാലത്ത് കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ യാത്രാനിരക്ക് വർധിപ്പിക്കും. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് 30 ശതമാനമാണ് നിരക്ക് വർധന.
ഉത്സവകാലങ്ങളായ ഓണം, വിജയദശമി മഹാനവമി എന്നിവ ആഘോഷിക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഫ്ലെക്സി നിരക്ക് നിലനില്ക്കും. കെ സ്വിഫ്റ്റിന്റെ അന്തർസംസ്ഥാന ബസുകൾക്കും ഫ്ലെക്സി നിരക്ക് ബാധകമായിരിക്കും.
ഉത്സവകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരുടെ തിരക്ക് കൂടുമെന്നതിനാലാണ് നിരക്ക് വർധന നടപ്പാക്കുന്നത്. ബംഗളുരു, മൈസൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും.
ഒരു മാസം മുമ്പുതന്നെ അന്തർസംസ്ഥാന യാത്രക്കാർക്ക് ഓൺ ലൈൻ മുഖേന ടിക്കറ്റ് റിസർവ് ചെയ്യാം. ഒരു ഗ്രൂപ്പിന് പരമാവധി 15 ടിക്കറ്റ് വരെ റിസർവ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും.
അന്തർസംസ്ഥാന യാത്രയ്ക്ക് നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ 30 ശതമാനമാണ് വർധിപ്പിക്കുന്നത്. എന്നാൽ യാത്രക്കാർ പൊതുവേ കുറവുള്ള ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽയാത്രക്കാരെ ആകർഷിക്കുന്നതിനായി ഫ്ലെക്സി നിരക്കിൽ 15 ശതമാനം ഇളവ് അനുവദിക്കും.
സ്ലീപ്പർ ക്ലാസ് ബസുകളിൽ സിംഗിൾ ബർത്തിന് 5 ശതമാനം അധിക നിരക്ക് ഈടാക്കും. എന്നാൽ സ്ത്രീകൾക്ക് ഈ അധിക നിരക്ക് ബാധകമായിരിക്കില്ല.
നിലവിൽ ഓൺലൈൻ ബുക്കിംഗിന് ലഭിച്ചുകൊണ്ടിരുന്ന 10 ശതമാനം ഇളവ് ലഭിക്കില്ല. 30 ശതമാനം അധികം നല്കുകയും വേണം.