ലിമെറിക് (അയർലൻഡ്): യൂത്ത് വേൾഡ് ചാന്പ്യൻഷിപ്പ് അന്പെയ്ത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി മഹാരാഷ് ട്രക്കാരനായ പാർഥ് സലുങ്കെ.
ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ റിക്കർവ് വിഭാഗത്തിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റിക്കാർഡാണ് പത്തൊന്പതുകാരനായ പാർഥ് സ്വന്തമാക്കിയത്. അണ്ടർ 21 വിഭാഗം ഫൈനലിൽ കൊറിയയുടെ സോങ് ഇൻജുനിനെ 7-3നു കീഴടക്കി പാർഥ് സ്വർണം കരസ്ഥമാക്കി.
അണ്ടർ 21 വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ബജ കൗർ വെങ്കലമണിഞ്ഞു. ചൈനീസ് തായ്പേയിയുടെ സു ഹ്സിൻ യുവിനെ 7-1നു തോൽപ്പിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം.
ചാന്പ്യൻഷിപ്പിൽ ആറ് സ്വർണം, ഒരു വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 11 മെഡൽ ഇന്ത്യ നേടി. ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ ഇന്ത്യ ഇത്രയും മെഡൽ നേടുന്നത് ഇതാദ്യമായാണ്.