കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചശേഷം എല്‍ഡിഎഫിലേക്കു കൂറുമാറിയ തോമസ് ചാഴികാടൻ എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ താനാണ് സംസ്ഥാനത്തെ ഒന്നാമനെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍.
വ്യാജപ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി കൃത്യമായ കണക്കുകള്‍ അടങ്ങുന്ന ബോര്‍ഡ് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം യുഡിഎഫിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലുടനീളം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ കോടതി ഉത്തരവു പോലും കാറ്റില്‍പറത്തി തനിക്ക് വോട്ടു ചെയ്ത ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് (9.5 കോടി) നേടിയെടുത്തതു കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനാണെന്ന വസ്തുത നിലനില്ക്കുമ്പോള് 7 കോടി രൂപ വാങ്ങി 7 കോടി രൂപ ചെലവഴിച്ച താനാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വാങ്ങി 100 ശതമാനം ചെലവഴിച്ചതെന്ന് പറയുന്നത് തട്ടിപ്പാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രസംഗം നടത്തി. യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, നേതാക്കളായ പ്രിന്‍സ് ലൂക്കോസ്, ടി.സി. അരുണ്‍, മദന്‍ലാല്‍, റഫീഖ് മണിമല, തമ്പി ചന്ദ്രന്, കുര്യന് പി. കുര്യന്, ബിനു ചെങ്ങളം തുടങ്ങിയവര്‍ പങ്കെടുത്തു.