ന്യൂഡൽഹി: സാമ്പത്തികത്തട്ടിപ്പ് വീരൻ സുകാഷ് ചന്ദ്രശേഖറിന്റെ ഭാര്യയും ചലച്ചിത്ര നടിയും മലയാളിയുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി.
റാൻബാക്സി കമ്പനി മേധാവികളുടെ പക്കൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ശിക്ഷയനുഭവിക്കുന്ന ലീന കേസിൽ നേരിട്ട് പങ്കെടുത്തെന്ന് ബോധ്യമുണ്ടെന്നും ഗൗരവതരമായ കുറ്റമായതിനാൽ ജാമ്യം നൽകാനാവില്ലെന്നും കോടതി അറിയിച്ചു.
ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സുകാഷുമായി കുറെനാളായി ലീനയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും ജാമ്യം നൽകാവുന്ന കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയതെന്നും ലീനയുടെ അഭിഭാഷകനായ പോൾ ജോൺ എഡിസൺ വാദിച്ചിരുന്നു.
ഡെന്റൽ ഡോക്ടറായ ലീന കൃത്യമായി നികുതി അടയ്ക്കുന്ന വ്യക്തിയാണെന്നും ചലച്ചിത്ര നടി കൂടിയായ അവരുടെ സമൂഹത്തിലെ നില കൂടി പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
40 വയസിലേക്ക് അടുക്കുന്ന ലീനയ്ക്ക് അമ്മയാകാൻ ആഗ്രഹമുണ്ടെന്നും ഭരണഘടനയിലെ 21-ാം അനുച്ഛേദപ്രകാരമുള്ള “റൈറ്റ് ടു ലൈഫ്’ അവകാശം അനുസരിച്ച് അവരെ മോചിപ്പിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ ജയിലിൽ നിന്നുകൊണ്ട് സാമ്പത്തികത്തട്ടിപ്പ് നടത്തിയ സുകാഷിന്റെ പദ്ധതികൾക്ക് ലീന സഹായമേകിയെന്നും ജാമ്യം നൽകരുതെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.