ബംഗളൂരു: ബംഗളൂരുവിൽ ഐടി കമ്പനിയുടെ മലയാളി സിഇഒയേയും മാനേജിംഗ് ഡയറക്ടറേയും കൊലപ്പെടുത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. പ്രതികളായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. കമ്മനഹള്ളിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.
ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ ആര്. വിനുകുമാര്‍(47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവര്‍ ചൊവ്വാഴ്യാണ് കൊല്ലപ്പെട്ടത്.
മുന്‍ ജീവനക്കാരന് കൂടിയയാ ശബരീഷ് അമൃതഹള്ളി പമ്പാ എക്സ്റ്റന്ഷനിലുള്ള കമ്പനി ഓഫീസിലെത്തി ഇരുവരേയും വെട്ടിക്കൊല്ലുകയായിരുന്നു.
ഇയാള്‍ക്കൊപ്പം വിനയ് റെഡ്ഡിയും സന്തോഷും ഉണ്ടായിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ ആളാണ് പ്രതി ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്. കൊലപാതക വിവരം സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവച്ചിരുന്നു.
ബിസിനസ് വൈരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്റർനെറ്റ് സേവനം നല്കുന്ന മറ്റൊരു കമ്പനി ഫെലിക്സ് ആരംഭിച്ചിരുന്നു. ഇതോടെ വിനു കുമാറിന്റെ കമ്പനിയുമായി കടുത്ത മത്സരം നിലനിന്നിരുന്നു.
പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും പോലീസ് വ്യക്തമാക്കി.കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയാണ് മരിച്ച വിനുകുമാര്‍.