ലോസ് ആഞ്ചലസ്: 1960-കളിൽ അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച കൊലപാതക പരമ്പരയ്ക്ക് നേതൃത്വം നൽകിയ കൾട്ട് നേതാവ് ചാൾസ് മാൻസന്റെ അനുയായി 53 വർഷത്തിന് ശേഷം ജയിൽമോചിതയായി.
1969-ൽ ലോസ് ആഞ്ചലസിലെ ലെനോ ലാബിയാൻക – റോസ്മേരി ലാബിയാൻക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട ലെസ്ലി വാൻ ഹൂട്ടൻ(73) എന്ന സ്ത്രീയാണ് ജയിൽമോചിതയായത്. കൊറോണ നഗരത്തിലെ കാലിഫോർണിയ വനിതാ ജയിലിലാണ് വാൻ ഹൂട്ടൻ തടവിൽ കഴിഞ്ഞിരുന്നത്.
പ്രശസ്ത ഹോളിവുഡ് നടി ഷാരോൺ ടെയ്റ്റ് അടക്കമുള്ളവരെ കൊലപ്പെടുത്തിയ മാൻസൻ സംഘം, ഈ സംഭവത്തിന്റെ പിറ്റേന്നാണ് ലാബിയാൻക ദമ്പതികളെ കൊലപ്പെടുത്തിയത്. ടെയ്റ്റിനെ കൊലപ്പെടുത്തിയ സംഘത്തിൽ വാൻ ഹൂട്ടൻ ഇല്ലായിരുന്നു.
എന്നാൽ റോസ്മേരി ലാബിയാൻകയെ മാൻസനും മറ്റുള്ളവരും കൊലപ്പെടുത്തിയപ്പോൾ അവരുടെ മുഖത്ത് തലയിണ വച്ച് ശ്വാസം മുട്ടിച്ചത് താനാണെന്ന് വാൻ ഹൂട്ടൻ സമ്മതിച്ചിരുന്നു. തുടർന്ന് ബിയാൻകയെ വാൻ ഹൂട്ടൻ കത്തികൊണ്ട് കുത്തിയിരുന്നു. ദമ്പതികളുടെ രക്തം അവരുടെ വീട്ടിലാകെ തളിച്ച ശേഷമാണ് മാൻസൻ സംഘം മടങ്ങിയത്.
മാനസിക വൈകൃതമുണ്ടായിരുന്ന ചാൾസ് മാൻസൻ രൂപപ്പെടുത്തിയ കൾട്ട് വംശീയ ശുദ്ധീകരണത്തിനും ലോകാവസാന മുന്നൊരുക്കത്തിനും എന്ന പേരിൽ നിരവധി കൊലപാതകങ്ങൾ നടത്തിയിരുന്നു.
മാരക രാസലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്ന മാൻസനും സംഘവും സ്വബോധമില്ലാതെയാണ് ക്രൂരകൃത്യങ്ങൾ നിർവഹിച്ചിരുന്നത്. ബീറ്റിൽസിന്റെ പ്രശസ്ത ഗാനമായ “ഹെൽറ്റർ സ്കെൽറ്റർ’ എന്നാണ് വംശീയയുദ്ധത്തിന് മാൻസൻ പേരിട്ടിരുന്നത്.
ലോസ് ആഞ്ചലസ് സ്വദേശിയായ വാൻ ഹൂട്ടൻ സ്കൂൾ ചിയർലീഡിംഗ് സംഘത്തിലെ അംഗമായിരുന്നു. മാതാപിതാക്കളുടെ വേർപിരിയലിൽ വേദന അനുഭവിച്ച ഇവർ പിന്നീട് ലഹരിക്ക് അടിമയാവുകയും 14-ാം വയസിൽ ഗർഭിണിയാവുകയും ചെയ്തു.
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഗർഭം അലസിപ്പിച്ച വാൻ ഹൂട്ടൻ, ഭ്രൂണം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. ഈ സംഭവങ്ങളിൽ മാനസികമായി അസ്വസ്ഥത അനുഭവിച്ച കാലത്താണ് ഇവർ മാൻസന്റെ കൾട്ടിലേക്ക് അടുക്കുന്നത്.
1971-ൽ പിടിയിലായ മാൻസനും സംഘാംഗങ്ങൾക്കും വധശിക്ഷ വിധിച്ചെങ്കിലും കാലിഫോർണിയയിൽ വധശിക്ഷ നിരോധിച്ചതോടെ ഇവരുടെയെല്ലാം ശിക്ഷ ജീവപര്യന്തമായി ചുരുങ്ങി. തടവിൽ കഴിയവെ 83-ാം വയസിൽ, 2017-ലാണ് ചാൾസ് മാൻസൻ മരിക്കുന്നത്.
മാൻസൻ സംഘത്തിൽ നിന്ന് ജയിൽമോചിതയായ ആദ്യ വ്യക്തിയാണ് വാൻ ഹൂട്ടൻ. ഇവരെ മൂന്ന് വർഷം നിരീക്ഷിക്കുമെന്നും പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ജയിൽ വകുപ്പ് അറിയിച്ചു.
19-ാം വയസ് മുതൽ ജയിലിൽ കഴിഞ്ഞിരുന്ന വാൻ ഹൂട്ടന് ഇന്റർനെറ്റ് അടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും മാറിയ ലോകക്രമവുമായി പൊരുത്തപ്പെടാനും സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.