.
എസ്. റൊമേഷ്
നൂറ്റിപ്പതിനൊന്നു വർഷം മുൻപ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പൽ അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു. കടലിനടിയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ അഞ്ചു പേർ, ജലപേടകം പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തെത്തുടർന്നായിരുന്നു അത്.
ടൈറ്റാനിക് ഉടമകളിൽ പ്രധാനിയായിരുന്ന പീറ്റർ ആരെൽ ബ്രൗൺ വൈഡ്നർ (1834-1915) എന്ന വ്യക്തിയുടെ വീടിന്റെ വിശേഷങ്ങളെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
അക്കാലത്തെ ലോകത്തിലെതന്നെ ഏറ്റവും വലിയ വീടായിരുന്നു പീറ്റർ വൈഡ്നറുടേത്. ലിന്നേവുഡ് ഹാൾ എന്നാണ് ലോകപ്രശ്തമായ ഈ വീടിന്റെ പേര്. നിർമാണ കാലത്ത് എട്ടു ദശലക്ഷം ഡോളറാണ് (ഏകദേശം 64 കോടി രൂപ) ചെലവായി കണക്കാക്കുന്നത്.
ഇന്നത്തെ കണക്കനുസരിച്ച് 256 ദശലക്ഷം ഡോളർ (2,064 കോടി രൂപ) മൂല്യം വരുമെന്നു സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇതു നിർമാണത്തിനു മാത്രം ചെലവായ തുകയാണ്.
വീടിനകത്തെ കലാശേഖരത്തിനു മുടക്കിയ കോടികൾ വേറെ. ടെറ്റാനക് നിർമിച്ച കന്പനിയുടെ 20 ശതമാനം ഷെയറുകളും പീറ്റർ വൈഡ്നറുടേതായിരുന്നു. അനേകം ബിസിനസുകൾ വൈഡ്നർ കുടുംബത്തിനുണ്ടായിരുന്നു.
പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽനിന്നുള്ളവരാണ് വൈഡ്നർ കുടുംബം. പീറ്ററിന്റെ കുടുംബം ഒരു കാലത്ത് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നായിരുന്നു.
ഒരു ഇറച്ചിവെട്ട് ബിസിനസുകാരന്റെ മകനായി 1834ലായിരുന്നു പീറ്ററിന്റെ ജനനം. വക്കീൽ പരീക്ഷ പാസായെങ്കിലും ബിസിനസിലായിരുന്നു വൈഡ്നർക്ക് താത്പര്യം.
അമേരിക്കൻ സിവിൽ വാറിന്റെ സമയത്ത് എല്ലാ ആർമി യൂണിറ്റുകളിലും ആട്ടിറച്ചി എത്തിക്കുന്നതിന്റെ കരാർ ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ ബിസിനിസ് തുടങ്ങിയത്. ഇതിൽ അദ്ദേഹത്തിനു വലിയ നേട്ടമുണ്ടായി. പിന്നീട് വച്ചടി കയറ്റമായിരുന്നു.
അമേരിക്കൻ ടുബാക്കോ കന്പനി അദ്ദേഹം സ്വന്തമാക്കി. സ്റ്റാൻഡേർഡ് ഓയിൽ, ഇന്റർനാഷണൽ മെർക്കന്റെയിൽ മെറൈൻ കന്പനി തുടങ്ങി പ്രമുഖ കന്പനികളുടെയെല്ലാം പ്രധാന ഷെയർഹോൾഡർ വൈഡ്നർ ആയിരുന്നു.
1912ലുണ്ടായ ടൈറ്റാനിക് അപകടത്തിൽ പീറ്ററിന്റെ മകൻ ജോർജ് ഡാന്റൻ വൈഡ്നറും ജോർജിന്റെ മകൻ ഹാരിയും കൊല്ലപ്പെട്ടിരുന്നു. ജോർജിന്റെ ഭാര്യ എലനോറും മറ്റൊരു ജോലിക്കാരിയും ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു.
അമേരിക്കയിലെ പെൻസിൽവാനിയയിൽ മോണ്ട്ഗോമറി കൺട്രിയിലാണ് പീറ്റർ വൈഡ്നറുടെ ആഡംബര വീട് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഇളയ മകൻ ജോസഫ് ഇ. വൈഡ്നറും ഇതിന്റെ നിർമാണത്തിന് മുൻകൈയെടുത്തു.
110 മുറികൾ ഈ വീടിനുണ്ടായിരുന്നു. ഇതിൽ 55 എണ്ണം വിശാലമായി അലങ്കരിച്ച കിടപ്പുമുറികളായിരുന്നു. ആയിരം അതിഥികളെ സത്കരിക്കാൻ പോന്ന ബാൾ റൂം, സ്വിമ്മിംഗ് പൂളുകൾ മിക്ക കിടപ്പുമുറികളോടും ബന്ധിച്ച് ബാത്ത്റൂം എന്നിവയും ഉണ്ടായിരുന്നു.
രണ്ടായിരത്തിലധികം വിലപിടിച്ച ശില്പങ്ങളും മനോഹരമായ പെയിന്റിംഗുകളും വീടിനുളിളിൽ ഉണ്ടായിരുന്നു. ലൂയി പതിനാലാമൻ ഉപയോഗിച്ചിരുന്ന കസേരപോലും അദ്ദേഹം തന്റെ വീട്ടിൽ വാങ്ങി വച്ചിരുന്നു.
ലോകപ്രശസ്ത ചിത്രകാരന്മാരുടെ കോടികൾ വിലവരുന്ന ഒറിജിനൽ പെയിന്റിംഗുകളായിരുന്നു പ്രധാന മുറികളെ അലങ്കരിച്ചിരുന്നത്. 480 ഏക്കറോളം വരുന്ന തന്റെ എസ്റ്റേറ്റിനു നടുവിലായാണ് അദ്ദേഹം ഈ മനോഹര സൗധം നിർമിച്ചത്.
1897ൽ പണി തുടങ്ങി 1900ലാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. 70,000 സ്ക്വയർ ഫീറ്റായിരുന്നു വീടിന്റെ വിസ്തീരണം. ഇന്ന് 3,000-4,000 സ്ക്വയർ ഫീറ്റ് വീടെന്നു പറയുന്നതുതന്നെ വലിയ സംഭവമാണെന്നോർക്കണം.
ഹൊറസ് ട്രുംബേവർ എന്ന അക്കാലത്തെ ഏറ്റവും പ്രശസ്തനായ ആർക്കിടെക്റ്റാണ് കെട്ടിടം രൂപകൽപന ചെയ്തത്. വലിയ ബഹുനില മന്ദിരങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു അദ്ദേഹം.
ചുണ്ണാന്പുകല്ലിൽ നിർമിച്ച ഈ കെട്ടിടം ടി ആകൃതിയിലാണുള്ളത്. വീട് പരിപാലിക്കാനായി മാത്രം 37 വീട്ടുജോലിക്കാരെ അകത്തും പുൽത്തകിടിയും കുളങ്ങളും വീടിന്റെ പുറംഭാഗവുമൊക്കെ പരിപാലിക്കായി 60 ജോലിക്കാരെ പുറത്തും നിയമിച്ചിരുന്നു.
ഇതു കൂടാതെ അടുക്കളജോലിക്കും മറ്റു ജോലിക്കുമായി മറ്റു നിരവധി പേരും ഈ വീട്ടിലുണ്ടായിരുന്നു. കെട്ടിടത്തിൽ വൈദ്യുതി ലഭിക്കാനായി സ്വന്തമായി ഒരു പവർപ്ലാന്റും വൈഡ്നർ നിർമിച്ചിരുന്നു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഈ കുടുംബം കോടിക്കണക്കിനു ഡോളർ ചെലവിട്ടിരുന്നു. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ട്, പെൻസിൽവാനിയയിലെ ചെസ്റ്ററിലെ വൈഡനർ യൂണിവേഴ്സിറ്റി, വികലാംഗരായ കുട്ടികൾക്കായുള്ള വൈഡനർ സ്കൂൾ എന്നിവ സ്ഥാപിക്കാൻ ധനസഹായം നൽകിയത് ഈ കുടുംബമാണ്.
ടൈറ്റാനിക് അപകടത്തിൽ മരിച്ച മകൻ ഹാരി എൽകിൻസ് വൈഡ്നറുടെ ഓർമയ്ക്കായി ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഒരു ലൈബ്രറി പണിയാനായി അദ്ദേഹത്തിന്റെ അമ്മ 1915ൽ സംഭാവന നൽകിയ തുക 20 ലക്ഷം ഡോളറായിരുന്നു (അന്നത്തെ ഏകദേശം 16 കോടി രൂപ) ഇന്നത്തെ അതിന്റെ മൂല്യം അതിനേക്കാൾ എത്രയോ ഇരട്ടിവരും.
ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറിയാണ് ഈ തുകകൊണ്ട് യൂണിവേഴ്സിറ്റി നിർമിച്ചത്.ദൗർഭാഗ്യങ്ങൾ നിരന്തരം വേട്ടയാടിയതോടെ 1850കളിൽ ഈ വീട് വൈഡ്നർ കുടുംബം ഉപേക്ഷിച്ചു.
1952ൽ ഈ കെട്ടിടം ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി വിലയ്ക്കു വാങ്ങി ഹയർ എഡ്യൂക്കേഷനു വേണ്ട ഒരു ക്രിസ്ത്യൻ സ്കൂൾ സ്ഥാപിച്ചു.
1996ൽ ഫസ്റ്റ് കൊറിയൻ ചർച്ച് ഓഫ് ന്യൂയോർക്ക് എന്ന സംഘടന ഈ കെട്ടിടം വിലയ്ക്കു വാങ്ങി. പിന്നീട് ഇതിന്റെ നികുതി അടയ്ക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളിലും മറ്റും അകപ്പെട്ട് ഈ കെട്ടിടത്തിന്റെ പേരിൽ കേസായി. ഇതോടെ കെട്ടിടം ഏറെനാൾ പൂട്ടിക്കിടന്നു.
കഴിഞ്ഞ ജൂൺ 30ന് ഈ കുറ്റൻ ഭവനം സ്മാരകവും പാർക്കുമാക്കി മാറ്റാനായി ലിന്നേവുഡ് ഹാൾ പ്രിസർവേഷൻ ഫൗണ്ടേഷൻ എന്ന സംഘടന വിലയ്ക്കു വാങ്ങി. അറ്റകുറ്റപ്പണികൾക്കുശേഷം ഇതു പൊതു ജനങ്ങൾക്കു തുറന്നുകൊടുക്കാനാണ് ഇവരുടെ പദ്ധതി.