പി. ജയകൃഷ്ണൻ
കണ്ണൂര്‍: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രമുഖ ജ്യോത്സ്യൻ പ്രവീണ്‍ പനോന്നേരി റിമാൻഡിൽ.
തലശേരി എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്. ചാല സ്വദേശിനി മാസങ്ങൾക്ക് മുന്‍പ് എടക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് എസ്എച്ച്ഒ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ക്ഷേത്രങ്ങളിൽ സപ്താഹയജ്ഞം നടത്തുന്നയാളാണ് പ്രവീൺ.
സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ജീവനക്കാർക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന. നിരവധിപേരുടെ വ്യാജ ഒപ്പും മറ്റും ഇട്ട് തുക തട്ടിയെടുക്കാൻ സെക്രട്ടറിക്ക് മാത്രമായി കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
2017 മുതല്‍ 2021 വരെയുള്ള വിവിധ സമയങ്ങളിലായി ചാല സ്വദേശിനി രജനി ബാങ്കില്‍ നേരിട്ടെത്തി സ്വന്തം പേരിലും മകളുടെ പേരിലുമായി ഓരോ വർഷ കാലാവധിയിൽ 16 എഫ്ഡിയിലായി നിക്ഷേപിച്ച 21.70 ലക്ഷം രൂപയാണ് പ്രവീൺ തട്ടിയെടുത്തത്.
ഇവർ പണയം വച്ച എട്ടേമുക്കാൽ പവൻ സ്വർണവും കാണാനില്ലായിരുന്നു. പലിശയടക്കം 30 ലക്ഷത്തിലേറെ തുകയാണ് ഇവർക്ക് നഷ്ടപ്പെട്ടത്.
കൂടാതെ ഏറ്റവുമടുത്ത സുഹൃത്തുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് കാലാവധിക്ക് തൊട്ടടുത്ത ദിവസം പുതുക്കാനെന്ന പേരില്‍ കൈക്കലാക്കിയും പ്രവീൺ തട്ടിപ്പ് നടത്തിയതായി പരാതി ഉണ്ട്.
ഇതിൽ പലരും പ്രവീണിനെ വിശ്വസിച്ച് കാലാവധി പൂർത്തിയാകുന്ന ദിവസം സ്ഥിര നിക്ഷേപം പിൻവലിക്കാനായി ഫോമിൽ ഒപ്പിട്ട് നൽകിയതിനാൽ ഭൂരിപക്ഷത്തിനും നിയമപരമായി കോടതിയെ സമീപിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
തങ്ങൾ തന്നെ ഉപ്പിട്ട് നൽകിയതിനാൽ എങ്ങനെ പരാതി നൽകും എന്ന ആശങ്കയിലാണ് പലരും.ബാങ്കിന്റെ ഇടപാടുകളിൽ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സഹകരണ വകുപ്പ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഭരണ സമിതി ഹൈക്കോടതിയിൽ പോയി അനുകൂല വിധി സാമ്പാദിച്ചതിനാൽ പിന്നീട് പഴയ ഭരണസമിതി പുനഃസ്ഥാപിക്കപ്പെട്ടു. ഇതിനിടെ ഭരണ സമിതിയിലെ പ്രധാനിക്കെതിരേയും ഇപ്പോൾ ആരോപണം ഉയർന്നത് ബാങ്കിലെ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.