സിനിമയില്‍ കൊമേഡിയനായി മാത്രം നിലനില്ക്കാന് ആഗ്രഹിച്ച എന്നെ അതിനപ്പുറത്തേക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഉര്‍വശിയാണ്. അഭിനയത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍.
അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയന്‍ മാത്രം ആണെന്ന എന്റെ ധാരണ തിരുത്തി ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസിലാക്കിത്തന്നത് അവരാണ്.
അങ്ങനൊരു പിന്തുണ എനിക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്നും ഞാനൊരു ഹാസ്യനടന് മാത്രമായി മലയാള സിനിമയില്നിന്നേനെ.
അക്കാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു ഉർവശി. മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനുമൊപ്പം നായികയായി അഭിനയിക്കുന്ന ഉർവശി ജഗദീഷിന്റെ നായികയാകാന്‍ തീരുമാനിച്ചത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമായി.
സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവശി എന്റെ നായികയായി എത്തുമ്പോള്‍ അവര്‍ കരിയറില്‍ താഴേക്ക് പോകുമെന്ന് പലരും പറഞ്ഞു.
എന്നാല്‍ അതിനൊന്നും ചെവികൊടുക്കാതെ ഉർവശി എന്റെ നായികയായി. തുടര്‍ന്നും ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു.
എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഉർവശിയെ ഒരുപാട് ആളുകള്‍ പരിഹസിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് കടപ്പാടുണ്ട് അവരോട്. -ജഗദീഷ്