പാലക്കാട്: പാലക്കാട്ട് ധോണിയില്‍ നിന്നും വനംവകുപ്പ് പിടികൂടിയ കൊമ്പന് പിടി 7ന്റെ കാഴ്ച പോയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പരാതി നല്‍കുമെന്ന് ആനപ്രേമി സംഘം.
ആനയുടെ കാഴ്ച പോയതിന് പിന്നില്‍ ദുരൂഹതയെന്നാണ് ആനപ്രേമി സംഘത്തിന്റെ പരാതി. ആനയെ ചട്ടം പഠിപ്പിക്കുന്നതിനിടെ കാഴ്ച ശക്തി പോയതാകാമെന്നാണ് ആനപ്രേമി സംഘത്തിന്റെ വാദം.
ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനാണ് പെല്ലറ്റ് കഥ ഉണ്ടാക്കുന്നത്. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് ഇല്ലെന്നാണ് വനംവകുപ്പ് വിവരാവകാശ രേഖയില്‍ പറയുന്നതെന്നും ആനപ്രേമി സംഘം പറയുന്നു.
പിടി 7ന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണ്ടി വരും.
പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.