കൽപ്പറ്റ: അഞ്ചുവയസുള്ള മകളുമായി പുഴയിൽ ചാടിയ യുവതി ആശുപത്രിയിൽ മരിച്ചു. കുഞ്ഞിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ രണ്ടാം ദിവസവും വിഫലം. വെണ്ണിയോട് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദർശനയാണ്(32) മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
മകൾ ദക്ഷയ്ക്കായുള്ള തെരച്ചിലാണ് ഇന്നലെയും വിഫലമായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിനെയുമെടുത്ത് വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്നു ദർശന പുഴയിൽ ചാടിയത്. ഗർഭിണിയായ ഇവരെ പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചത്.
എൻഡിആർഎഫ് സംഘവും തുർക്കി ജീവൻ രക്ഷാ സമിതിയും പിണങ്ങോട് ബെറ്റ് അംഗങ്ങളും നാട്ടുകാരും സംയുക്തമായാണ് ദക്ഷയ്ക്കായി തെരച്ചിൽ നടത്തുന്നത്. കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിൽ യുകെജി വിദ്യാർഥിനിയാണ് ദക്ഷ.
കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടാൻ ദർശനയ്ക്കു പ്രേരണയായത് എന്താണെന്നതിൽ ഇനിയും വ്യക്തതയായില്ല. കുടുംബപ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികൾ പറയുന്നത്.