പാരീസ്: ആണവോർജം, ബഹിരാകാശ ഗവേഷണം, പ്രതിരോധം ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണ.
ദ്വിദിന സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിലാണ് തീരുമാനം.
ഇന്തോപസഫിക് മേഖലയിൽ സമാധാനത്തിന് ഇരുരാജ്യങ്ങൾക്കും കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതിരോധമേഖലയിലെ സഹകരണമാണ് ഇന്ത്യാ-ഫ്രാൻസ് ബന്ധത്തിന്റെ ആണിക്കല്ലുകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, വ്യവസായം, സൈബർ സെക്യൂരിറ്റി, ഭീകരവിരുദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച പാരീസിലെത്തിയ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തിൽ വലിയ വരവേൽപ്പാണ് നൽകിയത്.
ഇന്നലെ നടന്ന ബാസ്റ്റിൽ ദിന പരേഡിനുശേഷമായിരുന്നു ഉഭയകക്ഷിചർച്ച. ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാനമായ ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണു പ്രധാനമന്ത്രി മോദിയുടെ സന്ദർശനം.