വ്യാജസ്വര്‍ണനാണയം നല്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ ആറ് കര്‍ണാടക സ്വദേശികള്‍ വടകരയില്‍ അറസ്റ്റില്‍.
2022 ജനുവരിയില്‍ വടകര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അന്ന് വടകര ചോറോട് സ്വദേശി രാജേഷില്‍നിന്ന് അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയത്. കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം തട്ടിപ്പുസംഘത്തെ മറ്റൊരാള്‍ വഴി ഫോണില്‍ ബന്ധപ്പെട്ട് വീണ്ടും ‘സ്വര്‍ണനാണയം’ ആവശ്യപ്പെടുകയായിരുന്നു.
ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ വ്യാജ’സ്വര്‍ണനാണയ’വുമായി ഇവര്‍ വടകരയില്‍ എത്തിയപ്പോഴാണ് വടകര ഇന്‍സ്പെക്ടര്‍ പി.എം. മനോജും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍നിന്ന് മൂന്ന് യഥാര്‍ഥ സ്വര്‍ണനാണയങ്ങളും ഒരു കിഴിയില്‍ കുറെ വ്യാജസ്വര്ണനാണയങ്ങളും പിടിച്ചെടുത്തു.
സംഘത്തിലെ മൂന്നുപേര്‍ തന്റെ പക്കല്‍നിന്നും 2022ല്‍ പണം തട്ടിയവരാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി മൂന്നുപേരെ പുതുതായി കേസില്‍ കൂട്ടിച്ചേര്‍ത്തു.
ചിക്കമംഗളൂരു കാഡൂരിലെ കുമാര്‍ മഞ്ജുനാഥ് (47), മാതാപുരം വീരേഷു (40), ഷിമോഗ സ്വദേശി നടരാജ് (27), മാതാപുരം ചന്ദ്രപ്പ (45), ഷിമോഗ താത്തൂര്‍ മോഹന്‍ (35), ഷിമോഗയിലെ തിമ്മേശ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് രാജേഷിന് വ്യാജസ്വര്‍ണനാണയം നല്കി അഞ്ചുലക്ഷം രൂപ തട്ടിയത്.
വടകര റെയില്‍വെ സ്റ്റേഷന് പരിസരത്താണ് സംഘം ആദ്യം എത്തിയത്. പിന്നീട് പുതിയ സ്റ്റാന്‍ഡ് ഭാഗത്ത് വരാന്‍ പറഞ്ഞു.
രാജേഷിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മഫ്തിയില്‍ പോലീസും പോയി. മൂന്നുപേരെ ഇവിടെവെച്ച് പിടികൂടിയെങ്കിലും മൂന്നുപേര്‍ കാറില്‍ രക്ഷപ്പെട്ടു. ഇവരെ ചോമ്പാല പോലീസാണ് ദേശീയപാതയില്വെച്ച് പിടികൂടിയത്.
പഴയ വീട് പൊളിക്കുമ്പോള്‍ കിട്ടിയ നിധിയിലെ സ്വര്ണനാണയങ്ങളുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പുകള്‍ സംഘം ആളുകളെ സമീപിക്കുന്നത്.
വിലകുറച്ചാണ് സ്വര്‍ണം വില്‍ക്കുന്നത്. വിശ്വാസം തോന്നിക്കാന്‍ രണ്ടോ മൂന്നോ ഒറിജിനല്‍ സ്വര്‍ണനാണയങ്ങള്‍ ആദ്യം നല്‍കും.
ഇത് പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പിക്കുന്നതോടെ ഇരകള്‍ കെണിയില്വീഴും. കച്ചവടം ഉറപ്പിച്ച് പണം വാങ്ങിയശേഷം നല്കുന്നതാകട്ടെ തീര്‍ത്തും വ്യാജ സ്വര്‍ണനാണയം.
ചോറോട് സ്വദേശി രാജേഷിനെ കെണിയില്വീഴ്ത്തിയത് ഇങ്ങനെയാണ്. കര്‍ണാടകയില്‍ പോയാണ് രാജേഷ് അഞ്ചുലക്ഷം രൂപ നല്കി സ്വര്‍ണനാണയം വാങ്ങിയത്.
പരിശോധിച്ചപ്പോഴാകട്ടെ എല്ലാം വ്യാജം. ഇതോടെ രാജേഷ് പോലീസില്‍ പരാതിനല്‍കി. അന്ന് പോലീസ് കര്ണാടകയില്പ്പോയി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കണ്ടെത്താന്‍ കഴിയാത്ത കേസായി (യു.ഡി.) ഒഴിവാക്കി.
ഇതിനിടെ തട്ടിപ്പുസംഘത്തെ ഫോണില്‍ ബന്ധപ്പെടാനുള്ള വഴിതെളിഞ്ഞതാണ് നിര്‍ണായകമായത്.
പോലീസ് നിര്‍ദേശപ്രകാരം രാജേഷും സംഘവും നിരന്തരം ഇവരെ ബന്ധപ്പെട്ട് ഏഴുലക്ഷം രൂപയുടെ സ്വര്‍ണനാണയം വേണമെന്നു പറഞ്ഞു.
ഒടുവില്‍ വെള്ളിയാഴ്ച സ്വര്‍ണനാണയവുമായി വരാമെന്ന് സമ്മതിച്ചു. മൂന്ന് സ്വര്‍ണനാണയം മാത്രമാണ് ഒറിജിനലായി ഉണ്ടായിരുന്നത്.
ഈ രീതിയില്‍ ഒട്ടേറെപ്പേര്‍ തട്ടിപ്പിനിരയായതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. യു.ഡി. കേസായതിനാല്‍ ഇത് വീണ്ടും പുനഃസ്ഥാപിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.