കൊച്ചി: വ്യാജ രേഖ ചമച്ച് ഭൂമിയിടപാട് നടത്താന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി നിര്‍മിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. നിരവധി വ്യാജ രേഖകള്‍ നിര്‍മിച്ച് തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഇയാള്‍ക്കായി മട്ടാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ സ്ഥാനത്തില്‍നിന്നും സ്ഥിരമായി ഇത്തരത്തില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കുന്നതായാണ് പോലീസ് അന്വേണത്തില്‍ വ്യക്തമായിട്ടുളളത്.
വ്യാജമായി രേഖകള്‍ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി ചുള്ളിക്കല്‍ സ്വദേശി കെ.എം. സന്തോഷ് കുമാര്‍ (69), പനയപ്പള്ളി സ്വദേശി കെ.വൈ. അബു(55), പള്ളുരുത്തി സ്വദേശി പി.വി. സുന്ദരന്‍ (58) എന്നിവരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ സന്തോഷ് കുമാറില്‍നിന്നും വസ്തു വാങ്ങിയ ആള് സ്ഥലം പോക്കുവരവു ചെയ്യുന്നതിനായി മട്ടാഞ്ചേരി വില്ലേജ് ഓഫീസില്‍ സമര്‍പിച്ച രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയതോടെ വില്ലേജ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി പതിച്ച് തണ്ടപ്പേര് അക്കൗണ്ട്, കരമൊടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയതായി പോലീസ് കണ്ടെത്തിയത്.
ഒന്നാം പ്രതി സ്ഥലം വില്പന നടത്തുന്നതിന് സ്ഥിരമായി സ്ഥലം ഇടപാടുകള്‍ നടത്തിവരുന്ന രണ്ടും മൂന്നും പ്രതികളെ ഏല്‍പ്പിക്കുകയും ഇവര്‍ രേഖകള്‍ വ്യാജമായി ഉണ്ടാക്കുകയും സ്ഥലം കച്ചവടം ചെയ്യുകയുമായിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികള്‍, സമാനരീതിയില്‍ മുമ്പ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.