സ്വന്തം ലേഖിക
കൊച്ചി: രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായി കൊച്ചി തിളങ്ങി നില്ക്കുമ്പോള് സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് മികച്ച ചുവടുവയ്പ്പായ കൊച്ചി മെട്രോ റെയിൽ പദ്ധതി സമ്മാനിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി.
അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം എന്നും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം കേരളത്തിന്റെ അഭിമാന സ്തംഭമായിമാറിയ ഈ പദ്ധതിയാണ് കൊച്ചിക്ക് സമ്മാനിച്ചത്. ജനങ്ങളെയും വികസനത്തെയും മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്.
1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. 2006ല്‍ നിര്‍മാണം തുടങ്ങി 2010 ല്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ വേണം എന്ന നിര്‍ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ത്തു. 2007 ഫെബ്രുവരി 28ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വി.എസ്. അച്യുതാനന്ദന് മന്ത്രിസഭ അംഗീകാരം നല്കി.
സ്പെഷല്‍ ഓഫീസറായി ദക്ഷിണ റയില്‍വേ റിട്ട. അഡീഷനല്‍ ജനറല്‍ മാനേജര്‍ ആര്. ഗോപിനാഥന് നായരെ നിയമിച്ചു. 2008 ജനുവരി ഒന്നിന് കേരള നിയമസഭ മൂവായിരം കോടി പദ്ധതിക്ക് അംഗീകാരം നല്‍കുകയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
2009 മാര്‍ച്ച് ആറിന് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്ട് ഡയറക്ടറായി ചീഫ് എന്‍ജിനീയര്‍ പി. ശ്രീറാമിനെ ഡിഎംആര്‍സി നിയമിച്ചു. 2012 ല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
2012 സെപ്റ്റംബര്‍ 13ന് പദ്ധതിയ്ക്ക് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് തറക്കല്ലിട്ടു. 2012 ജൂലൈ മൂന്നിന് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.
അതോടെ കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2013 ഏപ്രില്‍ 30ന് പ്രഖ്യാപിക്കുകയുമുണ്ടായി.
2016 ജനുവരി 23-ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു മെട്രോയുടെ ആദ്യ ട്രെയിനിന്റെ പരീക്ഷണയാത്ര ഉദ്ഘാടനം ചെയ്തതും.
മെട്രോയിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്ര
പിന്നീട് ഒന്നാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് 2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ആ ചടങ്ങിലേക്ക് ഉമ്മന്‍ചാണ്ടിക്ക് ക്ഷണം ലഭിച്ചില്ല.
തൊട്ടുപിറ്റേന്ന് ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും അണികളും ഉള്‍പ്പെട്ട സംഘം മെട്രോയില്‍ ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കു ജനകീയ യാത്ര നടത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
വലിയ ആള്‍ക്കൂട്ടവുമായി നടത്തിയ ആ ജനകീയ യാത്ര കേസുമായി. നിയമവിരുദ്ധമായി കൂട്ടംചേര്‍ന്നെന്നും മെട്രോയ്ക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്.
നാലുവര്‍ഷത്തിനുശേഷം 2021ല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ മെട്രോ ജനകീയ യാത്രാക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിടുകയും ചെയ്തു.