കുറവിലങ്ങാട്: മുട്ടുങ്കല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായണ് ആദ്യ കണക്കുകള്‍.
കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഹൈ കെയര്‍ ഗ്ലൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് നാശനഷ്ടം നേരിട്ടത്.
മുട്ടുങ്കല്‍ -മുക്കവലക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ ഗ്ലൗസ് പാക്കിംഗാണ് പ്രധാനമായും നടന്നിരുന്നത്. ഇവിടെ ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
നഷ്ടവും കണക്കാക്കിയിട്ടില്ല. എന്നാല്‍ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ജോണ്‍സ് പറയുന്നു.കെട്ടിടം പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്.
അഗ്നിനാളങ്ങള്‍ വിഴുങ്ങിയതോടെ കെട്ടിടത്തിന്റെ ഭിത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ജനറേറ്റര്‍ പൂര്‍ണമായി കത്തിനശിച്ചു.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഗ്ലൗസും നശിച്ചു. കുറവിലങ്ങാട് പോലീസും നാട്ടുകാരും കടത്തുരുത്തി, പാലാ, വൈക്കം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ പി. ഷാജിമോന്‍, അജയന്, അനില്‍കുമാര്‍, വി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്സ് സേവനം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.