പത്തനംതിട്ട: ചാലക്കയം വെള്ളാച്ചിമല ആദിവാസി ഊരില്‍ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ കാട്ടുമൃഗം ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
വെള്ളാച്ചിമലയില് ഭാസകരന്റെ മകന് സുബിഷീനു (മൂന്ന്) നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ സുബീഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഊരില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പുലി എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഭാസ്കരന് പറഞ്ഞു.
തങ്ങള്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ മൃഗം ഓടി മറയുകയായിരുന്നു. എന്നാല്‍ പുലിയാകില്ല ആക്രമണത്തിനു പിന്നിലെന്നും കാട്ടുപൂച്ചയാകാമെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പോലീസും വനപാലകരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞദിവസം വടശേരിക്കര -ചിറ്റാര്‍ പ്രധാന പാതയില്‍ പടയണിപ്പാറ തേക്ക് പ്ലാന്റേഷനു സമീപം ബൈക്ക് യാത്രക്കാരനായ യുവാവ് രണ്ട് പുലികളെ കണ്ടിരുന്നു.