മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിmaigraineഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്.
ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്.
അമിതമായ പ്രകാശം
ഗ്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.
ചോക്ലേറ്റ് ചിലരിൽ…
ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു.
ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രേന് ഉത്തേജക ഘടകങ്ങളാകുന്നു.
പരിഹാരവും വ്യക്തിപരം
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക.
പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കൾക്ക് ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ഉദ്യമിക്കുക.
സ്ത്രീകളിൽ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രേൻ ഉണ്ടാകുന്നതായി കാണുന്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു.
ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്‍പ് ആണ്‍കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്.
എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്‍കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.