2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ടീന ദാബി. ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക് എന്ന അപൂര്‍വനേട്ടവും അന്ന് ടീന കരസ്ഥമാക്കിയിരുന്നു.
ജയ്സാല്‍മീറിലെ ആദ്യ വനിതാ കളക്ടറായും ടീന ചരിത്രം കുറിച്ചിരുന്നു. കരിയറിലെ അവരുടെ നേട്ടങ്ങള്‍, ഐഎഎസ് ഉദ്യോഗസ്ഥന് അത്തര്‍ അമീര്‍ ഖാനില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടെയുമായുള്ള വിവാഹം, തുടങ്ങിയവയെല്ലാം വാര്‍ത്താ കോളങ്ങളില്‍ നിറഞ്ഞു നിന്നു.
ഇപ്പോള്‍ ടീന ഗര്‍ഭിണായാണെന്ന വാര്‍ത്തയും സോഷ്യല്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. പ്രസവാവധി ആരംഭിക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ടീന പങ്കുവെച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
താന്‍ കളക്ടറായിരുന്ന സമയത്ത് ജയ്സാല്‍മീറിലെ ജനങ്ങള്‍ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഈ ജില്ലയെ സേവിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജയ്സാല്‍മീര്‍ കളക്ടറായിരിക്കേ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ടീന കുറിപ്പില്‍ പറയുന്നുണ്ട്. സ്വച്ഛ് ജൈസന്, ലേഡീസ് ഫസ്റ്റ് (ജൈസാന്‍ ശക്തി), നിതി ആയോഗിന്റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടിയത്, 2023 ലെ ഡെസേര്‍ട്ട് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്, തുടങ്ങിയ പല കാര്യങ്ങളും ടീനയുടെ ഭരണകാലത്തുണ്ടായ നേട്ടങ്ങളാണ്. അത്ഭുതകരമായ ഒരു യാത്രയായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
”ജയ്സാല്‍മീര്‍ എനിക്ക് ഒരുപാട് അറിവുകള്‍ നല്കി. ആ അറിവുമായാണ് ഞാന്‍ പുതിയ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇവിടെയുള്ള എല്ലാവരേയും ഒരുപാട് മിസ് ചെയ്യും”, ജയ്സാല്‍മീറില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം ടീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ടീന ദാബിയുടെ അംഗീകരിച്ച പ്രസവാവധിക്കുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ഗുപ്തയെ ഉടന്‍ തന്നെ ജയ്സാല്‍മീര്‍ കളക്ടര്‍ സ്ഥാനത്ത് നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
2013 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ആശിഷ് ഗുപ്ത ഇപ്പോള്‍ ജയ്പൂരില്‍ രാജ്കോംപ് ഇന്‍ഫോ സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കമ്മീഷണറായും ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയാണ്.